നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് ഹംഗറി. യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലെ കടുത്ത പോരാട്ടത്തിലാണ് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞത്.
ആദ്യപകുതിയിലെ അധിക സമയത്താണ് ഫ്രാന്‍സിനെതിരെ ഹംഗറി ഗോള്‍ നേടിയത്. ഫ്രഞ്ച് താരം റാഫേല്‍ വരാന്‍ ക്ലിയര്‍ ചെയ്ത പന്ത് കാലില്‍ കിട്ടിയ സോളായ് ഒരുക്കിയെടുത്ത ഒരു കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഗോള്‍ വന്നത്. സോളായ് നീട്ടിക്കൊടുത്ത പന്തുമായി മുന്നേറിയ ഫിയോളയെ തടയാന്‍ ഫ്രഞ്ച് പ്രതിരോധ നിര താരമായ വരാന് കഴിഞ്ഞില്ല. പന്തുമായി ബോക്‌സിലേക്ക് കയറിയ താരം നിയര്‍ പോസ്റ്റിലേക്ക് എടുത്ത ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസിനെ മറികടന്ന് വലയില്‍.
പിന്നീട് രണ്ടാം പകുതിയിലെ 66ാം മിനിറ്റില്‍ ഫ്രാന്‍സ് ഗോള്‍ മടക്കി. എംബാപെ ഒരുക്കിയ അവസരത്തില്‍ മനോഹരമായ ഫിനിഷിലൂടെ ഗ്രീസ്മാന്‍ ആണ് ഗോള്‍ നേടിയത്.
ഇതോടെ ഗ്രൂപ്പില്‍ രണ്ടു കളികളിലായി നാലു പോയിന്റുമായി ഫ്രാന്‍സ് ഒന്നാം സ്ഥാനത്തും രണ്ടു കളികളിലായി ഒരു പോയിന്റ് നേടി ഹംഗറി മൂന്നാം സ്ഥാനത്തുമാണ്. മരണ ഗ്രൂപ്പിലെ മറ്റു ടീമുകളായ പോര്‍ച്ചുഗലും ജര്‍മനിയും തമ്മില്‍ 9.30ന് ഏറ്റുമുട്ടും.