നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ ഈ സീസണില്‍ പലവട്ടം ഞെട്ടിച്ചവരാണ് ഡെന്മാര്‍ക്ക്. നാഷന്‍സ് ലീഗിലെ റിസല്‍റ്റുകളില്‍ ഫ്രാന്‍സ് പതറിയിരുന്നു. നാഷന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ 2-0 ത്തിനും രണ്ടാം മല്‍സരത്തില്‍ 2-1 നും ഡെന്മാര്‍ക്കാണ് ജയിച്ചതെന്ന് സത്യം എന്തായാലും ദെഷാംപ്‌സ് മറക്കില്ല. അന്ന് കരീം ബെന്‍സേമയും ടീമിലുണ്ടായിരുന്നു. ഇന്ന് വിജയം അനിവാര്യമായ അങ്കം കൂടിയാവുമ്പോള്‍ ഡാനിഷ് സംഘം വര്‍ധിത വീര്യത്തിലാവും.
പക്ഷേ സ്‌റ്റേഡിയം 974 ല്‍ ഇരുവരുമിന്ന് മുഖാമുഖം വരുമ്പോള്‍ ആത്മവിശ്വാസം ദിദിയര്‍ ദെഷാംപ്‌സിന്റെ സംഘത്തിനാണ്. ആദ്യ മല്‍സരത്തില്‍ അനായാസം ഓസ്‌ട്രേലിയക്കാരുടെ വലയില്‍ നാല് ഗോളുകള്‍ നിക്ഷേപിച്ചിരുന്നു ഹ്യുഗോ ലോറിസ് നയിച്ച സംഘം. കിലിയന്‍ എംബാപ്പേ, ഒലിവര്‍ ജിറോര്‍ഡ് എന്നീ സൂപ്പര്‍ താരങ്ങളെല്ലാം ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച് കഴിഞ്ഞു. കരീം ബെന്‍സേമയുടെ അഭാവം ആദ്യ മല്‍സരത്തില്‍ ഫ്രാന്‍സ് അറിഞ്ഞിരുന്നില്ല. പോള്‍ പോഗ്ബയും എന്‍കാലോ കാന്റേയും ഇല്ലാത്തതും കളത്തില്‍ പ്രകടമായില്ല. ഇന്ന് ഡെന്മാര്‍ക്കുകാര്‍ മുന്നില്‍ വരുമ്പോള്‍ കാര്യങ്ങള്‍ എത്ര എളുപ്പമാവില്ല.