X

ഇസ്രാഈലിലേക്കുള്ള ആയുധകയറ്റുമതി നിര്‍ത്താന്‍ ആഹ്വാനവുമായി ഫ്രാന്‍സ്‌

ഇസ്രാഈലിലേക്കുള്ള ആയുധകയറ്റുമതി നിര്‍ത്തണമെന്ന് ആഹ്വാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാഷ്ട്രീയ പരിഹാരത്തിനാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മക്രോണിന്റെ ആഹ്വാനം.

ഗസയിലെ സൈനിക നടപടിക്കായി ഇസ്രാഈലിന് ഉപയോഗിക്കാന്‍ ആയുധങ്ങള്‍ വിതരണം ചെയ്യില്ലെന്ന് ബ്രോഡ്കാസ്റ്റര്‍ ഫ്രാന്‍സ് ഇന്റിനോട് മാക്രോണ്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗസയിലെ ഇസ്രാഈല്‍ യുദ്ധം ഒരു വര്‍ഷത്തേക്ക് അടുക്കാനിരിക്കെയാണ് ഫ്രഞ്ച് പ്രസിഡന്റിന്റെ നീക്കം.

വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് ലോകമെമ്പാടും ആഹ്വാനങ്ങള്‍ ഉയരുമ്പോള്‍ ഇസ്രഈല്‍ ഗസയില്‍ യുദ്ധം തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. സംഘര്‍ഷം വിദ്വേഷത്തിലേക്കാണ് നയിക്കുന്നതെന്നും ഇസ്രാഈലിന് ലഭിക്കുന്ന സുരക്ഷ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ തെറ്റാണെന്നും ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ലെബനനെ മറ്റൊരു ഗസയാക്കാന്‍ കഴിയില്ലെന്നും ലെബനീസ് ജനതയെ ബലിയാടാക്കരുതെന്നും മാക്രോണ്‍ പറഞ്ഞു. ലെബനനിലുടനീളമായി കരയാക്രമണം നടത്താന്‍ സൈന്യത്തെ വിന്യസിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് നെതന്യാഹു ഭരണകൂടം പിന്മാറണമെന്നും മാക്രോണ്‍ ആവശ്യപ്പെട്ടു.

എന്നാല്‍ മാക്രോണ്‍ തന്റെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരണവുമായി രംഗത്തെത്തി. ഇറാന്‍ നയിക്കുന്ന പ്രാകൃത ശക്തികളോട് പോരാടുമ്പോള്‍ ഇസ്രഈലിന് പിന്തുണയാണ് നല്‍കേണ്ടത്. മക്രോണിന്റെ നിലപാട് അപമാനകരമാണെന്നുമാണ് നെതന്യാഹു പറഞ്ഞത്.

എന്നാല്‍ നേരത്തെ ഒരു അഭിമുഖത്തില്‍, തങ്ങള്‍ ആയുധങ്ങളൊന്നും തന്നെ വിതരണം ചെയ്യുന്നില്ലെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. അതേസമയം സെപ്റ്റംബര്‍ പകുതിയോടെ ബ്രിട്ടനും ഇസ്രാഈലിലേക്കുള്ള ഏതാനും ആയുധങ്ങളുടെ കയറ്റുമതി താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

2023 ഒക്ടോബറിലാണ് ഇസ്രാഈലിന് വിവിധ തരത്തിലുള്ള ആയുധങ്ങള്‍ കൈമാറുന്നതിനായി 100ലധികം കയറ്റുമതി ലൈസന്‍സുകള്‍ക്ക് യു.കെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ ഇസ്രാഈലിന് ആയുധങ്ങള്‍ കൈമാറുന്നതില്‍ നിന്ന് ലോകരാഷ്ട്രങ്ങള്‍ പിന്മാറണമെന്ന ആവശ്യം ഉന്നയിച്ച് ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നതോടെയാണ് ബ്രിട്ടന്‍ ആയുധകയറ്റുമതിയില്‍ നിന്ന് പിന്മാറിയത്.

30 ആയുധങ്ങളുടെ കയറ്റുമതി ലൈസന്‍സാണ് ബ്രിട്ടന്‍ നിര്‍ത്തിവെച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്നാം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ആയുധങ്ങളില്‍ ഭൂരിഭാഗവും ഇസ്രാഈലില്‍ എത്തുകയാണ്. ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ ആക്രമണത്തില്‍ ഇസ്രാഈല്‍ ഉപയോഗിച്ച ആയുധങ്ങളുടെ 15 ശതമാനം യു.കെ നിര്‍മിതമാണെന്നും അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ആയുധകയറ്റുമതിക്ക് തടയിടാന്‍ ഫ്രാന്‍സും നടപടികളെടുക്കുന്നത്.

webdesk13: