X

ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും ഇന്ന് നേര്‍ക്കുനേര്‍

ലണ്ടന്‍: നായകന്‍ കിലിയന്‍ എംബാപ്പേ ഇന്നിറങ്ങുന്നു-യൂറോയിലെ പ്രതിയോഗികള്‍ കരുത്തരായ നെതര്‍ലന്‍ഡ്‌സ്. ഈ തകര്‍പ്പന്‍ അങ്കം ഉള്‍പ്പെടെ ഇന്ന് വന്‍കരയില്‍ നടക്കുന്നത് കിടിലന്‍ യൂറോ യോഗ്യതാ അങ്കങ്ങള്‍. ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത് ഫ്രാന്‍സും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള അങ്കത്തിന് തന്നെ.

വന്‍കരയിലെ പ്രബലാരയ രണ്ട് ടീമുകള്‍. ഫ്രാന്‍സിനെ നയിക്കുന്നത് അവരുടെ ഏറ്റവും പ്രായം കുറഞ്ഞ നായകനായ കിലിയന്‍ എംബാപ്പേ. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ രണ്ടാം സ്ഥാനത്തേക്ക് നയിച്ച ഗോള്‍ക്കീപ്പര്‍ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്‌ബോള്‍ വിട്ടതിനെ തുടര്‍ന്നാണ് പുതിയ നായകനെ കോച്ച് ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ചത്. ടീമിലെ സീനിയറായ അന്റോണിയോ ഗ്രിസ്മാന്‍, ഒലിവര്‍ ജിറോര്‍ദ് തുടങ്ങിയവരെ തഴഞ്ഞാണ് എംബാപ്പേക്ക് കപ്പിത്താന്‍ പട്ടം കോച്ച് നല്‍കിയത്. ഇതിനെതിരെ ഗ്രിസ്മാന്‍ രംഗത്തുണ്ട്. എംബാപ്പേയും ഗ്രിസ്മാനും തമ്മില്‍ പ്രശ്‌നങ്ങളില്ല എന്ന് വരുത്താന്‍ ഇരുവരും തമ്മിലുള്ള പ്ലേ സ്റ്റേഷന്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. വൈസ് ക്യാപ്റ്റനായ ഗ്രിസ്മാന്‍ ഇന്ന് കളിക്കുന്ന സംഘത്തിലുണ്ട്. ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച യുവതാരമായി അറിയപ്പെടുന്ന എംബാപ്പേ നയിക്കുന്ന ഫ്രാന്‍സിനെതിരെ ഡച്ച്് സംഘത്തെ നയിക്കുന്നത് വിര്‍ജില്‍ വാന്‍ ഡിജിക്കാണ്.

ഖത്തര്‍ ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് ശേഷം ഫ്രാന്‍സ് രാജ്യാന്തര മല്‍സരം കളിച്ചിരുന്നില്ല. ഖത്തറില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി മുന്നേറിയ ടീം അവസാന മല്‍സരത്തിലാണ് മെസിയുടെ അര്‍ജന്റീനയോട് പരാജയപ്പെട്ടത്. ലുസൈല്‍ സ്‌റ്റേഡിയത്തിലെ കലാശത്തില്‍ തുടക്കത്തില്‍ രണ്ട് ഗോളിന് അര്‍ജന്റീന ലീഡ് ചെയ്തപ്പോള്‍ അവസാനത്തില്‍ രണ്ട് മിനുട്ടിനിടെ രണ്ട് ഗോളുകള്‍ നേടിയാണ് എംബാപ്പേയിലുടെ ടീം തിരികെ വന്നത്. അധികസമയത്ത്് മെസിയിലുടെ വീണ്ടും അര്‍ജന്റീന ലീഡ് നേടിയപ്പോള്‍ എംബാപ്പേയിലുടെ ഫ്രാന്‍സ് സമനില നേടി. ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീനിയന്‍ ഗോള്‍ക്കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ മികവില്‍ മെസിയും സംഘവും ജേതാക്കളായത്. വിജയത്തുടക്കമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഇന്നലെ പരിശീലനത്തിന് ശേഷം സംസാരിക്കവെ എംബാപ്പേ പറഞ്ഞു. പുതിയ നായകനെ ചൊല്ലി ടീമില്‍ അഭിപ്രായഭിന്നതയില്ലെന്ന് കോച്ചി ദെഷാംപ്‌സും പ്രതികരിച്ചു.

webdesk11: