X

പെറു പുറത്ത്; തുടര്‍ച്ചയായ ജയത്തോടെ ഫ്രാന്‍സും രണ്ടാം റൗണ്ടില്‍

എകാതെരിന്‍ബര്‍ഗ്: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സ് ലോകകപ്പ് രണ്ടാം റൗണ്ടില്‍. ലാറ്റിനമേരിക്കന്‍ കരുത്തരായ പെറുവിനെ 34-ാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെ നേടിയ ഏക ഗോളിന് തോല്‍പ്പിച്ചാണ് ദിദിയര്‍ ദെഷാംപ്‌സിന്റെ സംഘം മുന്നേറിയത്. അതേസമയം, രണ്ടാം തോല്‍വിയോടെ പെറു ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് സിയില്‍ നിന്ന് ഫ്രാന്‍സിനൊപ്പം മുന്നേറുന്ന ടീം ഏതെന്ന് അടുത്തയാഴ്ചത്തെ ഫ്രാന്‍സ്-ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ-പെറു മത്സരത്തോടെ അറിയാനാവും.
ആദ്യമത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ അണിനിരത്തിയ ടീമില്‍ കാര്യമായ അഴിച്ചുപണി നടത്തിയാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് ടീമിനെ ഇറക്കിയത്. നിര്‍ണായക മത്സരത്തില്‍ സമനിലയെങ്കിലും അനിവാര്യമായിരുന്ന പെറു ആക്രമണ ഫുട്‌ബോള്‍ കളിച്ചെങ്കിലും മധ്യനിരയിലെ ആധിപത്യം ഫ്രാന്‍സിന് ഗുണകരമായി. ഒലിവര്‍ ജിറൂഡിന്റെ ഷോട്ട് പെറുതാരത്തിന്റെ കാലില്‍ തട്ടിയുയര്‍ന്നപ്പോള്‍ മാര്‍ക്ക് ചെയ്യപ്പെടാതെ ഓടിക്കയറിയ എംബാപ്പെ ആളൊഴിഞ്ഞ വലയിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു.
രണ്ടാം പകുതിയില്‍ പെറു ആക്രമണം കടുപ്പിച്ചെങ്കിലും എന്‍ഗോളോ കാന്റെയുടെ നേതൃത്വത്തിലുള്ള പ്രതിരോധം അവരെ ഗോള്‍മുഖത്തേക്ക് അടുപ്പിച്ചില്ല. ലോങ് റേഞ്ചുകളിലൂടെ ലക്ഷ്യം കാണാനുള്ള ലാറ്റിനമേരിക്കക്കാരുടെ ശ്രമങ്ങളും വിഫലമായി.
ഫ്രാന്‍സിനെ സമനിലയില്‍ തളക്കാനെങ്കിലും കഴിഞ്ഞാല്‍ ഡെന്‍മാര്‍ക്കിന് രണ്ടാം റൗണ്ടിലേക്ക് മുന്നേറാം. അതേസമയം ഡെന്‍മാര്‍ക്ക് തോറ്റാലും പെറുവിനെ തോല്‍പ്പിച്ചാലേ ഓസ്‌ട്രേലിയക്ക് സാധ്യതയുള്ളൂ.

chandrika: