X

കൊന്നപ്പൂവും ലില്ലിപ്പൂവും ഒന്നിച്ച സുഗന്ധം-എസ്. സുധീഷ്‌കുമാര്‍

ഋതുഭേദങ്ങളില്‍ ഇത് ലോകത്തിന്റെ വശ്യമുഖം. നിറങ്ങള്‍ക്ക് ഏഴഴക് കൂടുന്ന ദിനങ്ങള്‍. മലയാളക്കരയില്‍ മേടം പിറക്കുന്നു. പ്രകൃതി ഋതുമതിയാകുന്ന വസന്തകാലം. എങ്ങും സമൃദ്ധിയിലേക്കു കണ്ണെറിഞ്ഞ് കണികൊന്നകള്‍ പൊന്നണിഞ്ഞു നില്‍ക്കുന്നു. ലോകത്തിന്റെ മറ്റൊരു കോണില്‍ വിശുദ്ധിയുടെ നിറച്ചാര്‍ത്തായി ലില്ലി പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. വിഷുവും ദുഖ:വെള്ളിയും ഒന്നാകുന്ന അപൂര്‍വ ദിനത്തിന് നാം കാത്തിരിക്കുന്നു. രണ്ടു ദിനങ്ങളും മനുഷ്യന് നല്‍കുന്നതു വിശുദ്ധിയുടെ പ്രതീക്ഷയുടെ വസന്ത കാലമാണ്.

വിശുദ്ധിയുടെ വീണ്ടെടുപ്പ് കാലത്തിലേക്ക് നാം ചുവടുവെയ്ക്കുകയാണ്. ദു:ഖവെള്ളി എന്നത് വിശുദ്ധ വെള്ളിയാണ്. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു വെള്ളിയാഴ്ച ദിവസം. പീഢകള്‍ ഏറ്റുവാങ്ങി ക്രിസ്തു കുരിശു ചുമന്നു കൊണ്ടു കാല്‍വരിയിലേക്ക് യാത്ര ചെയ്തത് ഒരു വെള്ളിയാഴ്ച ദിനത്തിലായിരുന്നു. ഏറെ സ്‌നേഹിക്കുന്നവര്‍ക്കായി യേശു നടത്തിയ യാത്ര. ഒറ്റികൊടുത്തവര്‍ക്ക് വേണ്ടിയും, ഒറ്റപ്പെടുത്തിയവര്‍ക്ക് വേണ്ടിയും നടത്തിയ യാത്ര. സ്‌നേഹത്തിന്റെ പേരില്‍ മാത്രം കുരിശു മരം യേശു ഏറ്റുവാങ്ങുകയായിരുന്നു. ആ യാത്രയ്‌ക്കൊടുവില്‍ അവന്‍ മരണത്തെ നിറഞ്ഞ മനസോടെ പുല്‍കി. ഉന്നതത്തില്‍ നിന്നും ഇറങ്ങിവന്ന ദൈവപുത്രന്‍ എല്ലാം പൂര്‍ത്തിയായി എന്ന് പറഞ്ഞ് പിതാവിന്റെ കരങ്ങളില്‍ തന്നെ ഏല്‍പ്പിച്ചവരെ ഭരമേല്‍പിച്ച യാത്ര. ‘ഇതെന്റെ ശരീരമാണ്. ഇതെന്റെ രക്തമാണ്. ഇതെന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍’ എന്ന് പറഞ്ഞ് സ്വന്തം മാംസത്തെയും, രക്തത്തെയും പങ്കുവെച്ച് നല്‍കിയ ക്രിസ്തു കടന്നുപോയ പീഡാനുഭവങ്ങളെ നാം ഇന്ന് സ്മരിക്കുന്നു. ഒപ്പം ധ്യാനിക്കുന്നു. സമൂഹത്തിന് ഒരു പിടിചോദ്യങ്ങളും സന്ദേശങ്ങളുമാണ് ദു:ഖ വെള്ളി നല്‍കുന്നത്. ക്രിസ്തു കടന്നുപോകുന്ന വഴികള്‍ ഓരോ മനുഷ്യനും നോക്കി കാണേണ്ടതാണ്. ക്രിസ്തു കടന്നു പോയ വഴികളിലൂടെ കടന്നു പോകുമ്പോള്‍ നാമെങ്ങനെയാണെന്ന് തിരിച്ചറിയുന്നു.

പീഢകള്‍ ഏറ്റു വാങ്ങിയിട്ടും ക്രിസ്തുവിന്റെ നിഷ്‌കളങ്കമായ സ്‌നേഹം മനുഷ്യന് പാഠമാണ് നല്‍കുന്നത്. ഒരു കരണത്തടിക്കുന്നവന് മറ്റൊരു കരണം കൂടി കാണിച്ചു കൊടുക്കുകയായിരുന്നു ക്രിസ്തു. ദുഃഖവെള്ളിയിലാകട്ടെ ക്രിസ്തു പറഞ്ഞതെല്ലാം പ്രാവര്‍ത്തികമാക്കി, എല്ലാം പൂര്‍ത്തിയായി എന്നു പറഞ്ഞ് മിഴികള്‍ പൂട്ടി, തലചായ്ച്ചു. മനുഷ്യന്‍ കടന്നുപോകുന്ന വഴികള്‍ ക്രിസ്തു കാട്ടി തരുകയായിരുന്നു. കടമകളെല്ലാം നിറവേറ്റുന്ന ക്രിസ്തുവിന് ഇതില്‍പരം എന്ത് സന്ദേശമാണ് സമൂഹത്തിന് നല്‍കാനുള്ളത്. ജീവിതയാത്രയില്‍ സത്യവും സ്‌നേഹവും കൈമുതലായി കാത്തീടുവാന്‍ ദു:ഖവെള്ളി ഓര്‍മപ്പെടുത്തുന്നു.

പ്രതീക്ഷയുടെ പൂക്കാലം സമ്മാനിക്കുകയാണ് വിഷുക്കാലം. ഓട്ടുരുളിയിലെ ഒരുക്കിവെച്ച കണിയില്‍ നല്ലൊരു കാലത്തെ കണ്ടുണരുന്നു. ഒരു വര്‍ഷത്തേക്കുള്ള എല്ലാ പ്രതീക്ഷയുമുണ്ട് ആ കണിയില്‍. കാര്‍ഷിക-ധന സമൃദ്ധിയും, വിദ്യയും എല്ലാമുണ്ട് ദീപപ്രഭയില്‍ മിന്നിത്തിളങ്ങുന്ന ഓട്ടുരുളിയില്‍. സാമൂഹിക നന്മയുടെ മറ്റൊരു ആവരണം കൂടിയുണ്ട് വിഷുവിന്. ഒരുക്കിവെച്ച ഓട്ടുരുളിയിലെ ഭഗവാന്റെ രൂപം പോലും അത് നമ്മള്‍ തന്നെയാണെന്ന് ഉണര്‍ത്തിക്കുന്നു. പൊന്‍കണിയിലെ വാല്‍ക്കണ്ണാടി പോലും അതു തന്നെയാണ് നമ്മോട് പറയുന്നത്. മേടം കാര്‍ഷികോത്സവ മാസമാണ്. മീന വെയിലില്‍ വീണ്ടു കീറിയ പാടത്തേക്കെത്തുന്ന വേനല്‍ മഴ മനസ് കുളിര്‍പ്പിക്കുന്നു. മകര കൊയ്ത്തു കഴിഞ്ഞ് വരണ്ടുണങ്ങിയ പാടങ്ങളിലേക്ക് പതിക്കുന്ന മഴത്തുള്ളികളാല്‍ ആര്‍ദ്രമാകുന്നതു മണ്ണും മനസുമാണ്. മണ്ണും മനുഷ്യനും ഒന്നാകുന്ന മേട സംക്രമ വിഷു. മേടം പിറന്നു പത്താം നാള്‍ പത്താമുദയമാണ്. കൃഷിക്ക് ഏറ്റവും അനുയോജ്യമായ മറ്റൊരു ദിവസമില്ലെന്നാണ് നാട്ടുശാസ്ത്രം. വിഷുവോടു കൂടി കന്നിക്കോണില്‍ നിന്നും നിലം ഉഴുതു തുടങ്ങും. വരണ്ട പാടത്തേക്ക് ചാല്‍കീറി വെള്ളമെത്തിക്കുന്നു. അങ്ങനെ നാട് വരും കാലത്തേക്കുള്ള കൃഷിയിലേക്കു കടക്കുകയാണ്.

കാലമേറെ പിന്നിട്ടതോടെ നാം മറക്കുകയും കൈയ്യൊഴിയുകയും ചെയ്തത് ഒട്ടേറെ നാട്ടറിവുകളെയാണ്. ഓരോ വിഷുവെത്തുമ്പോഴും ചില നേരങ്ങള്‍ അവയെ നാം ഓര്‍ത്തെടുക്കുന്നു. ‘പൊലിക… പൊലിക…ദൈവമേ…തന്‍ നെല്‍ പൊലിക’ എന്ന് പുള്ളുവന്മാര്‍ പാടിനടന്നത് വിഷുക്കാലത്താണ്. മണ്ണും മനുഷ്യനും പണിയെടുക്കുന്നവനും ഒന്നാണെന്ന ഈണം. വിഷുവിനെ ഓര്‍മപ്പെടുത്താനെന്നോളം വിഷുപക്ഷി പാട്ടുമായി എത്തിയിരുന്ന നാളുകളും വിസ്മൃതിയിലായി. ‘ചക്കക്കുപ്പുണ്ടോ, വിത്തും കൈക്കോട്ടും, കള്ളന്‍ ചക്കേട്ടു..’ എന്നു പാടി നടന്ന ഉത്തരയാണക്കിളിയെന്നും കതിരുകാണാക്കിളിയെന്നും പല പേരില്‍ അറിയപ്പെട്ട വിഷുപക്ഷിയുടെ നാദം നിലച്ചിട്ട് നാളേറെയായി. പലതും നാം കൈവിട്ടെങ്കിലും ഇന്നും മനസിന്റെ ഒരു കോണില്‍ പ്രതീക്ഷയുടെയും സമൃദ്ധിയുടെയും വിഷുക്കാലം ഒളിമങ്ങാതെ കിടക്കുന്നു.

സ്‌നേഹത്തിന്റെ വസന്തകാലം സമ്മാനിച്ചാണ് ദു:ഖവെള്ളി പിന്നിട്ട് ഉയിര്‍പ്പ് തിരുനാളായ ഈസ്റ്റര്‍ എത്തുന്നത്. ഉയിര്‍പ്പ് തിരുനാളിലേക്ക് ദിനങ്ങള്‍ അടുക്കുന്തോറും തെരുവ് വീഥികളില്‍ ലില്ലി പൂക്കള്‍ വിടര്‍ന്നു തുടങ്ങും. ‘വയലിലെ ലില്ലികളെ നോക്കുവിന്‍ അവ നൂല്‍നൂല്‍ക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എങ്കിലും ഞാന്‍ നിങ്ങളോട് പറയുന്നു സോളമന്‍ പോലും അവന്റെ സര്‍വ മഹത്വത്തിലും അവയില്‍ ഒന്നിനെ പോലെ അലങ്കൃതനായിരുന്നില്ല’, അങ്ങനെ സോളമന്‍ രാജാവിനെക്കാള്‍ മഹത്വം കല്‍പ്പിക്കുന്ന ലില്ലി പൂക്കള്‍ സമൃദ്ധമായി കാണുന്നത് ഈസ്റ്റര്‍ സമയങ്ങളിലാണ്. ഗദ്‌സെമനില്‍ പിതാവിനോട് പ്രാര്‍ഥിച്ച യേശുവിന്റെ കണ്ണീര്‍ തുള്ളികളാണ് വെള്ള ലില്ലി പൂക്കളായി വിടര്‍ന്നതെന്ന് മറ്റൊരു കഥയുണ്ട്. വിശുദ്ധിയുടെ പ്രത്യാശയുടെയും വസന്തകാലം തീര്‍ക്കുകയാണ് വിടര്‍ന്നു പരിലസിച്ചു നില്‍ക്കുന്ന ലില്ലി പൂക്കളും കൊന്നപ്പൂക്കളും.

Test User: