ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നാലാം ഘട്ട വോട്ടെടുപ്പിന് തുടക്കം.ഒമ്പത് ജില്ലകളിലെ 59 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ് സമയം. പിലിഭിത്, ലഖിംപൂര്‍ ഖേരി, സീതാപൂര്‍, ഹര്‍ദോയ്, ഉന്നാവോ, ലക്‌നൗ, റായ്ബറേലി, ബന്ദ, ഫത്തേപൂര്‍ ജില്ലകളിലായി 624 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
2017ല്‍ ഈ 59 സീറ്റുകളില്‍ 51 ഉം ബി.ജെ.പിയാണ് ജയിച്ചത്. സമാജ്‌വാദി പാര്‍ട്ടിക്ക് നാലെണ്ണവും ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് മൂന്നെണ്ണവും ലഭിച്ചിരുന്നു. ബി.ജെ.പി സഖ്യകക്ഷി അപ്‌നാ ദള്‍ ഒരു സീറ്റ് നേടി. ഒക്‌ടോബര്‍ മൂന്നിന് കര്‍ഷക കൂട്ടക്കുരുതി നടന്ന ലഖിംപൂിലാണ് ശ്രദ്ധേയമായ പോരാട്ടം നടക്കുന്നത്. ലക്‌നൗ കന്റോണ്‍മെന്റ് സീറ്റില്‍ എസ്.പിയുടെ സുരേന്ദ്ര സിങ് ഗാന്ധിയും സംസ്ഥാന നിയമമന്ത്രി ബ്രിജേഷ് പഥകും തമ്മിലാണ് മല്‍സരം. ലക്‌നൗ ഈസ്റ്റില്‍ ബി.ജെ.പിക്കായി മന്ത്രി അശുതോഷ് ടണ്ടനും എസ്.പിക്കായി ദേശീയ വക്താവ് അനുരാഗ് ബദൗരിയയും ഏറ്റുമുട്ടും. സരോജിനി നഗറില്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് മുന്‍ ജോയിന്റ് ഡയറക്ടര്‍ രാജേശ്വര് സിങിനെയാണ് ബി.ജെ.പി രംഗത്തിറക്കിയത്.
മുന്‍ മന്ത്രി അഭിഷേക് മിശ്രയാണ് എസ്.പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിന്റെ കോട്ടയായി കണക്കാക്കുന്ന റായ്ബറേലിയും ഇന്ന് വോട്ടിടും. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചെത്തിയ സിറ്റിങ് എം.എല്‍. എ അദിതി സിങ് ആണ് ഇവിടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി.ശക്തമായ ആരോപണ പ്രത്യാരോപണങ്ങളോടെയാണ് കഴിഞ്ഞദിവസം പരസ്യപ്രചാരണം അവസാനിച്ചത്. ഹര്‍ഡോയിയിലെ പ്രചാരണ റാലിക്കിടെ സൈക്കിളുകള്‍ തിരഞ്ഞെടുക്കുന്ന ഭീകരര്‍ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം വിവാദമായിരുന്നു. സൈക്കിളിനെ അപമാനിക്കുന്നത് രാജ്യത്തെ തന്നെ അപാനിക്കലാണ് എന്നായിരുന്നു എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പ്രതികരണം. പ്രധാനമന്ത്രി അപ്രസക്തമായ കാര്യങ്ങള്‍ മാത്രമാണ് സംസാരിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്.