ചിറ്റൂര്‍: സ്‌കൂളില്‍ നേരം വൈകി എത്തിയ കുട്ടികളെ നഗ്‌നരാക്കി നിര്‍ത്തി അധികൃതരുടെ ശിക്ഷാനടപടി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ പുന്‍ഗാനൂരിലെ ചൈതന്യ ഭാരതി സ്‌കൂളിലെ മൂന്ന്-നാല് ക്ലാസുകളില്‍ പഠിക്കുന്ന ആറ് കുട്ടികളെയാണ് പൊരിവെയിലില്‍ നിര്‍ത്തി ശിക്ഷ നടപ്പാക്കിയത്. ക്ലാസ്സിന് പുറത്ത് കൈകള്‍ പൊക്കിയും പാന്റ് അഴിച്ചും നില്‍ക്കുന്ന കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്ത് എത്തി.
ചിറ്റൂരില്‍ ഉള്‍ഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്‌കൂളിന്റെ നടത്തിപ്പുകാരന്‍ പ്രിന്‍സിപ്പളായ മഹാരാജ നായിഡു തന്നെയാണ്. താമസിച്ചെത്തിയതിന് വസ്ത്രമഴിച്ച് ക്ലാസ്മുറിക്ക് പുറത്ത് കൈകള്‍ പൊക്കി നില്‍ക്കാന്‍ പ്രിന്‍സിപ്പളാണ് പറഞ്ഞതെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു. ഗൃഹപാഠങ്ങള്‍ ചെയ്തുവരാത്ത കുട്ടികള്‍ക്ക് നേരെയും ഇത്തരം ശിക്ഷാനടപടികളുണ്ടെന്ന് മാതാപിതാക്കള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിന് മുന്നില്‍ മാതാപിതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി.
നഗ്‌നരാക്കി അപമാനിച്ചതായി വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കളോട് പറഞ്ഞു. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസറും റീജിയനല്‍ ജോയിന്റ് ഡയറക്ടറും സ്‌കൂളിലെത്തി ഇരകളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കി. സ്‌കൂള്‍ കറസ്‌പോണ്ടന്റ് നാഗരാജു നായിഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുറ്റക്കാര്‍ക്കെതിരെ എത്രയും വേഗം നടപടിയുണ്ടാവുമെന്ന് സ്‌കൂളില്‍ അന്വേഷണം നടത്താനെത്തിയ വിദ്യാഭ്യാസ ഓഫീസര്‍ ലീല റാണി പറഞ്ഞു.
അതേസമയം വിദ്യാഭ്യാസ ഓഫീസറും സ്‌കൂള്‍ അധികൃതരുമായി ചേര്‍ന്ന് സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്.