X

വിദേശ വനിതയുടെ മരണം: ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ തോണി കണ്ടെത്തി, നാലു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കോളവത്ത് വിദേശ വനിത ലിഗയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്നു വിരലടയാള വിദഗ്ധര്‍ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്ന് കരുതുന്ന വഴികളും പൊലീസ് പരിശോധിച്ചുവരികയാണ്. പ്രദേശവാസികളും ഇവിടെ സ്ഥിരമായി വരാറുള്ളവരുമായ ഒട്ടേറെ പേരെ ചോദ്യം ചെയ്തശേഷമാണ് അന്വേഷണം ഏതാനും പേരിലേക്ക് ചുരുങ്ങിയത്. ലിഗയുടേത് കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്ന സൂചനകളാണ് അന്വേഷണത്തില്‍ നിന്ന് ലഭിക്കുന്നത്. യുവതിയുടെ മരണത്തിനു പിന്നില്‍ പ്രാദേശിക ലഹരിസംഘങ്ങള്‍ക്കു പങ്കുണ്ടെന്നാണ് സൂചന. മൃതദേഹം കണ്ടെത്തിയ സംഘം ലഹരിമരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണെന്നാണ് വിവരം. ലിഗയുടെ മൃതദേഹം കാണപ്പെട്ട ചെന്തലക്കരി ഭാഗത്ത് വിദേശികളെ എത്തിക്കാറുണ്ടെന്ന് പ്രദേശത്തെ തോണിക്കാരന്‍ നാഗേന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തോണി കണ്ടെത്തിയത്.
ഈ ഭാഗത്ത് വിദേശികള്‍ എത്താറില്ലെന്നായിരുന്നു പൊതുവെയുള്ള നിഗമനം. എന്നാല്‍ കോവളത്ത് നിന്ന് തോണിയില്‍ ചെന്തലക്കരി ഭാഗത്ത് വിദേശികളെ എത്തിക്കാറുണ്ടെന്നാണ് നാഗേന്ദ്രന്‍ പറഞ്ഞത്. ഇതിന് ഒരു ഏജന്റുണ്ടെന്നും നാഗേന്ദ്രന്‍ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ലിഗയുടെ മരണം കൊലപാതകമാണോ, സ്വാഭാവിക മരണമാണോയെന്നതു സംബന്ധിച്ച് അവ്യക്തത തുടരുന്നതിനിടെയാണ് പുതിയ വഴിത്തിരിവ്. ആശങ്ക ഉയര്‍ന്ന ആത്മഹത്യാ സാധ്യത തള്ളി ലിഗയെ പരിശീലിപ്പിച്ച യോഗ പരിശീലകയും വ്യക്തമാക്കിയിരുന്നു. ലിഗ സ്ഥിരമായി ക്ലാസുകള്‍ക്ക് എത്താറുണ്ടെന്നും അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ലെന്നും പരിശീലക പറഞ്ഞു. കാണാതായ ദിവസം ലിഗ യോഗക്ലാസില്‍ പങ്കെടുത്തിരുന്നില്ല. സഹോദരിയോട് ചോദിച്ചപ്പോള്‍ ഉറങ്ങുകയാണെന്ന മറുപടിയാണ് ലഭിച്ചതെന്നും യോഗ പരിശീലക പറഞ്ഞു.
ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നോ നാളയോ ലഭിക്കും. മൃതദേഹത്തിന് പഴക്കമുള്ളത് കൊണ്ടാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാന്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നത്.

chandrika: