X

നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രവേശന പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഗുജറാത്തിലെ ഗോധ്ര പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. കേസിൽ 12ഓളം വിദ്യാർഥികളും വഡോദര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ അധികൃതരും പ്രതികളാവുമെന്നാണ് സൂചന. അധ്യാപകരാണ് വഡോദരയിലെ കോച്ചിങ് സെന്റർ നടത്തുന്നത്.

അധ്യാപകർക്ക് ഉൾപ്പടെ വിദ്യാർഥികൾ പരീക്ഷയിൽ ക്രമക്കേട് നടത്തുന്നതിന് കൈക്കൂലി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷയിൽ വിദ്യാർഥികൾ ഉത്തരമറിയാത്ത ചോദ്യങ്ങൾ ഒഴിവാക്കുകയും തുടർന്ന് അധ്യാപകർ ഇതിന്റെ ഉത്തരം എഴുതി ചേർക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ രീതിയിലാണ് പരീക്ഷയിൽ ക്രമക്കേട് നടത്തിയത്.

മെയ് അഞ്ചിന് ജയ് ജൽറാം സ്കൂളിൽ നടന്ന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എഡ്യുക്കേഷൻ കൺസൾട്ടന്റ് വിഭോർ ആനന്ദ്, പ്രിൻസിപ്പൽ പുരഷോത്തം ശർമ, നീറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ട് എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം പ്രദേശത്തെ ഇമിഗ്രേഷൻ ഏജൻസി ഉടമയായ പരശുറാം റോയിയും കസ്റ്റഡിയിലായി.

നാല് വിദ്യാർഥികൾ 66 ലക്ഷം വീതം പരുശുറാം റോയിക്ക് ക്രമക്കേട് നടത്താനായി നൽകിയെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. മൂന്ന് വിദ്യാർഥികൾ ബ്ലാങ്ക് ചെക്കും നൽകും. റാവുവാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്നാണ് പൊലീസ് സംശയം. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വിദ്യാർഥികളുടെ രക്ഷിതാക്കൾ സംഘത്തിന് 2.88 കോടി രൂപ നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. കേസുമായി ബ​ന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ ബ്ലാങ്ക് ചെക്കുകൾ ഉൾപ്പടെ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

webdesk14: