X

ബിഹാറിൽ നാല്‌ പാലങ്ങൾ കൂടി തകർന്നു; 16 ദിവസത്തിനിടെ തകർന്നത് 11 എണ്ണം

പാലം തകരുന്നത് ബീഹറില്‍ തുടര്‍ക്കഥയാകുന്നു. ബിഹാറില്‍ നാല്‌  പാലങ്ങള്‍ കൂടി തകര്‍ന്നു വീണു. ഇതോടെ കഴിഞ്ഞ 16 ദിവസത്തിനിടെ ബിഹാറില്‍ തകര്‍ന്ന് വീണ പാലങ്ങളുടെ എണ്ണം 11 ആയി. സിവാന്‍ ജില്ലയില്‍ മൂന്നെണ്ണവും സരണ്‍ ജില്ലയില്‍ ഒന്നുമാണ് തകര്‍ന്നുവീണത്.

മഹാരാജ്ഗഞ്ച് സബ്ഡിവിഷനിലെ ഡിയോറിയ, നവ്താന്‍, ധമാഹി ഗ്രാമങ്ങളിലെ ചാരി നദിക്ക് കുറുകെയാണ് സിവാനില്‍ തകര്‍ന്ന പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആരും മരിക്കുകയോ ആര്‍ക്കും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെങ്കിലും 200 ഓളം ഗ്രാമങ്ങളുടെ ബന്ധം തകരാറിലായി.

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെത്തുടര്‍ന്ന് വെള്ളത്തിന്റെ അളവ് വര്‍ധിക്കുകയും ഒഴുക്ക് കൂടുകയും ചെയ്തതാണ് പാലങ്ങള്‍ തകരാന്‍ കാരണമായത്. പാലങ്ങളെല്ലാം ഇഷ്ടിക ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പാലങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്നും പാലം സംരക്ഷിക്കണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി.

അതിനിടെ ബിഹാറില്‍ പാലങ്ങള്‍ തകര്‍ന്നതില്‍ ഉന്നതതല അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാനത്തെ എല്ലാ പാലങ്ങളും പരിശോധിക്കനാണ് ന്‍ നിര്‍ദേശം. അറ്റകുറ്റപ്പണികള്‍ ഉറപ്പാക്കാന്‍ റോഡ് നിര്‍മ്മാണ വകുപ്പിനും (ആര്‍സിഡി), റൂറല്‍ വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്മെന്റിനും നിര്‍ദ്ദേശം നല്‍കി.

ഇതിനിടെ സംസ്ഥാനത്ത് തുടര്‍ച്ചയായി പാലങ്ങള്‍ തകര്‍ന്നുവീഴുന്നത് സംസ്ഥാന രാഷ്ട്രീയത്തേയും പിടിച്ചുകുലുക്കുകയാണ്. നിതീഷ് കുമാര്‍ നയിക്കുന്ന സര്‍ക്കാരിന്റെ അഴിമതി ഭരണമാണ് പാലം തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രതിപക്ഷം ആരോപിച്ചത്.

webdesk13: