X

മത്സരം കഴിഞ്ഞ് നാല് മാസം; വെയ്റ്റ്‌ലിഫ്റ്റിങ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റില്ല

കൊച്ചി: സംസ്ഥാന മത്സരം കഴിഞ്ഞ് നാലു മാസം പിന്നിട്ടിട്ടും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് പരാതി. സംസ്ഥാന സബ്ജൂനിയര്‍, ജൂനിയര്‍ വെയിറ്റ്‌ലിഫ്റ്റിങ് വിജയികള്‍ക്കാണ് ഈ ദുരിതം. സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം ഗ്രേസ്മാര്‍ക്ക് ഉള്‍പ്പടെയുള്ള ആനൂകൂല്യങ്ങള്‍ ലഭിക്കുമോയെന്ന കാര്യവും സംശയത്തിലായി.

മാര്‍ച്ച് 31 ആയിരുന്നു ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാനുള്ള അവസാന തീയതി. ഇനി ഗ്രേസ് മാര്‍ക്ക് ലഭിക്കണമെങ്കില്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ പണം മുടക്കി തിരുവനന്തപുരത്ത് ഡി.പി.ഐ ഓഫീസില്‍ പോവേണ്ടി വരും. വൈകിയതിനുള്ള പിഴയും അടയ്ക്കണം. 2021 നവംബര്‍ 12,13 തീയതികളിലാണ് തൊടുപുഴയില്‍ സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍ വെയ്റ്റ്‌ലിഫ്റ്റിങ് മത്സരങ്ങള്‍ നടന്നത്. ഡിസംബര്‍ 17,18 തീയതികളില്‍ ആലപ്പുഴയില്‍ സീനിയര്‍, ഇന്റര്‍ക്ലബ് മത്സരങ്ങളും സംഘടിപ്പിച്ചു. ഈ മത്സരങ്ങളിലെ വിജയികള്‍ക്കും, പങ്കെടുത്തവര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകളാണ് വെയ്റ്റ്‌ലിഫ്റ്റിങ് അസോസിയേഷന്‍ ഇതുവരെ നല്‍കാത്തത്.

ഒരു ജില്ലയില്‍ നിന്നും ഒരു വിഭാഗത്തില്‍ 20 പേര്‍ക്കാണ് മത്സരിക്കാനാവുക. പങ്കെടുക്കുന്നവരില്‍ നിന്നും 200 രൂപയോളം വാങ്ങിയിരുന്നു. അസോസിയേഷന് സര്‍ക്കാര്‍ ഗ്രാന്റ്, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ ലഭിക്കുമ്പോഴായിരുന്നു മത്സരാര്‍ഥികളില്‍ നിന്നും അധിക പണം ഈടാക്കിയത്. അസോസിയേഷന്‍ ഭാരവാഹികളോട് സര്‍ട്ടിഫിക്കറ്റിനെ കുറിച്ച് ചോദിച്ചാല്‍ നിഷേധാത്മക സമീപനമാണ് ലഭിക്കുന്നതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

Test User: