:
ഷാര്‍ജ: റെക്കോര്‍ഡ് സന്ദര്‍ശകരെ സ്വീകരിച്ച് ഷാര്‍ജ ജുബൈല്‍ മാര്‍ക്കറ്റ്. വൃത്തിയിലും സൗകര്യത്തിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന മാര്‍ക്കറ്റ് സമുച്ചയം ഉദ്ഘാടന വര്‍ഷം വരവേറ്റത് നാല് മില്യന്‍ സന്ദര്‍ശകരെ.
നിത്യവും നൂറുക്കണക്കിന് പേര്‍ സമയം ചെലവഴിക്കാനെത്തുന്ന കേന്ദ്രം കൂടിയായി മാര്‍ക്കറ്റ്. കഴിഞ്ഞ വര്‍ഷം മാത്രം 30 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളും അല്‍ജുബൈല്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. 229 ടൂറിസം പ്രോത്സാഹന കമ്പനികളുടേതായി ആറായിരത്തിലധികം വിദേശ പൗരന്മാര്‍ മാര്‍ക്കറ്റിന്റെ നിര്‍മാണ ചാരുതയും കച്ചവട മഹിമയും കണ്ട് മനസ്സിലാക്കാനെത്തി. സന്ദര്‍ശകര്‍ക്കും ഇടപാടുകാര്‍ക്കുമെല്ലാം സംതൃപ്തി നല്‍കുന്ന അനുഭവമാണ് ഷാര്‍ജ കോര്‍ണിഷിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അല്‍ ജുബൈല്‍ മാര്‍ക്കറ്റ്.
സുഖകരവും ആയാസകരവുമായ വ്യാപാര അനുഭവമാണ് അല്‍ ജുബൈല്‍ മാര്‍ക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും മികച്ച ഭക്ഷ്യോല്‍പന്നങ്ങള്‍ കീശ ചോരാത്ത വിലയില്‍ ലഭ്യമാക്കുന്നു വെന്നതാണ് ഈ വ്യാപാര സമുച്ചയത്തിന്റെ സവിശേഷത. നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിരന്തര നിരീക്ഷണമുള്ളതിനാല്‍ ഉപയോഗ യോഗ്യമല്ലാത്ത ഒരൊറ്റ ഉല്‍പന്നങ്ങളും ഇവിടെ വില്‍പനക്ക് വെക്കാന്‍ സാധ്യമല്ല. ഉയര്‍ന്ന നിലവാരമുള്ള സാധനങ്ങള്‍ ലഭിക്കുമെന്ന കാരണത്താല്‍ വന്‍ തോതില്‍ സ്വദേശികള്‍ അല്‍ ജുബൈല്‍ മാര്‍ക്കറ്റില്‍ എത്തുന്നു.
പഴം-പച്ചക്കറി, മാംസം, മത്സ്യം, ഈത്തപ്പഴം തുടങ്ങിയ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ മാത്രം നിരവധി സ്റ്റാളുകളുണ്ട് മാര്‍ക്കറ്റില്‍. കൂടാതെ, കഫ്റ്റീരിയ, മൊബൈല്‍, സൂപര്‍ മാര്‍ക്കറ്റ്, ഭക്ഷ്യ ശാല തുടങ്ങിയവയും. സ്റ്റാള്‍ നടത്തിപ്പുകാരില്‍ അധികവും മലയാളികളാണ്. അറബ് വംശജരും ബംഗഌദേശ് പൗരന്മാരും സ്റ്റാള്‍ ഉടമകളായുണ്ട്. ശുചിത്വത്തിലും പരിചരണത്തിലും മികച്ച നിലവാരം പുലര്‍ത്തുന്നുവെന്നതും അല്‍ ജുബൈല്‍ മാര്‍ക്കറ്റിലേക്ക് വന്‍ തോതില്‍ ആവശ്യക്കാരെ ആകര്‍ഷിക്കുന്നു. ഈദ്-ദേശീയ ദിനം തുടങ്ങിയ ആഘോഷ ദിനങ്ങളില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ക്ക് കൂടി ജുബൈല്‍ മാര്‍ക്കറ്റ് വേദിയാകുന്നു. 1,075 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള ജുബൈല്‍ മാര്‍ക്കറ്റ് മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ്.