X

അലോക് വര്‍മയുടെ വസതിക്കു സമീപത്ത് നിന്ന് നാലു ഐബി ഉദ്യോഗസ്ഥര്‍ പിടിയില്‍; മോദിയുടെ നിര്‍ദേശപ്രകാരമെന്ന് ആരോപണം

ന്യൂഡല്‍ഹി: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ ഔദ്യോഗിക വസതിക്കു സമീപത്തു നിന്ന് നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ പിടികൂടി. അലോക് വര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇന്നു പുലര്‍ച്ചെ നാലു മണിയോടെ ഇവരെ പിടികൂടിയത്. അതീവ സുരക്ഷാ മേഖലയായ അക്ബര്‍ റോഡിലെ വര്‍മയുടെ വസതിക്കു സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലായിരുന്നു ഇവര്‍.

വര്‍മയെ നിരീക്ഷിക്കാന്‍ എത്തിയ ഐ.ബി ഉദ്യോഗസ്ഥരാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. ഇവരില്‍ നിന്ന് ഐഡി കാര്‍ഡുകളും കണ്ടെത്തിട്ടുണ്ട്. വര്‍മയെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഐബിയെ നിയോഗിക്കുന്നുവെന്ന് ആരോപണം ഉയരുന്നതിനിടെയാണ് നാലംഗ സംഘത്തെ പിടികൂടിയത്. ഇവരെ ഡല്‍ഹി പൊലീസിന് കൈമാറി.

പരസ്പരം അഴിമതി ആരോപണങ്ങളുന്നയിച്ച ഡയറക്ടര്‍ അലോക് വര്‍മയെയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കഴിഞ്ഞ ദിവസമാണ് ചുമതലകളില്‍ നിന്ന് നീക്കിയത്. ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അസ്താന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്.

chandrika: