ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഖൈറാന ഉള്‍പ്പെടെ നാല് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജനവിധി പൊതുവെ സമാധാനപരമായിരുന്നെങ്കിലും യു.പിയിലും മഹാരാഷ്ട്രയിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വ്യാപകമായി തകരാറിലായത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി.
വോട്ടിങ് മെഷീന്‍ തകരാറ് ആസൂത്രിതമാണെന്ന് സംശയിക്കുന്നതായും ഇത് ജനവിധിയെ ബാധിക്കുമെന്നും രാഷ്ട്രീയ ലോക്ദള്‍ ആരോപിച്ചു. ഖൈറാനയില്‍ ബി.ജെ.പിക്കെതിരെ മത്സരിക്കുന്നത് ആര്‍.എല്‍.ഡി സ്ഥാനാര്‍ത്ഥിയാണ്. ബി.ജെ.പി എം.പി ഹുക്കും സിങിന്റെ മരണത്തെതുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായ ഫുല്‍പൂരിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ദയനീമായി തോറ്റ ബി.ജെ.പിക്ക് നാണക്കേട് ഒഴിവാക്കാനെങ്കിലും ഖൈറാനയില്‍ വിജയം അനിവാര്യമാണ്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ യോജിച്ച് പടക്കിറങ്ങുന്നതിനാല്‍ ബി.ജെ.പി വലിയ തിരിച്ചടി ഭയക്കുന്നുണ്ട്. എസ്.പി, ബി.എസ്.പി, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ പിന്തുണയോടെയാണ് ഇവിടെ അജിത് സിങിന്റെ നേതൃത്വത്തിലുള്ള ആര്‍.എല്‍.ഡി മത്സരിക്കുന്നത്. സഹതാപ തംരഗം പ്രതീക്ഷിച്ച് ഹുക്കുംസിങിന്റെ മകള്‍ മൃഗംഗയെ തന്നെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.
എന്നാല്‍ പ്രതിപക്ഷ ഐക്യം സൃഷ്ടിക്കുന്ന വെല്ലുവിളി മറികടക്കാന്‍ മൃഗംഗക്കാവില്ലെന്നാണ് വിലയിരുത്തല്‍. ഇതോടെയാണ് ബി.ജെ.പി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ തകരാറിലാക്കി ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ആര്‍.എല്‍.ഡി രംഗത്തെത്തിയത്. അതേസമയം ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. അസാധാരണമായ വിധത്തില്‍ വോട്ടിങ് മെഷീന്‍ തകരാറുകള്‍ സംഭവിച്ചിട്ടില്ലെന്നും സാങ്കേതിക തകരാര്‍ അനുഭവപ്പെട്ട സ്ഥലങ്ങളില്‍ വോട്ടിങ് മെഷീന്‍ മാറ്റിസ്ഥാപിച്ച് പോളിങ് തുടര്‍ന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഖൈരാനക്കു പുറമെ മഹാരാഷ്ട്രയിലെ പാല്‍ഗര്‍, ബന്ദാര ഗോണ്ടിയ ലോക്‌സഭാ സീറ്റുകളിലേക്കും നാഗാലാന്റിലെ ഏക ലോക്‌സഭാ സീറ്റിലേക്കുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. മഹാരാഷ്ട്രയിലെ രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പിയുടെ മുഖ്യ എതിരാളി നേരത്തെ സഖ്യ കക്ഷിയായിരുന്ന ശിവസേനായാണ്.
ബന്ദാര ഗോണ്ടിയയില്‍ ബി.ജെ.പി എം.പിയുടെ മരണത്തെതുടര്‍ന്നും പാല്‍ഗറില്‍ ബി.ജെ.പി എം.പി നാനാ പടോളിന്റെ രാജിയെതുടര്‍ന്നുമാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. നാനാ പടോള്‍ പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നാഗാലാന്റില്‍ ബി.ജെ.പി സഖ്യകക്ഷിയാണ് മത്സരരംഗത്തുള്ളത്. ഫലത്തില്‍ നാല് മണ്ഡലങ്ങളിലേയും ജനവിധി ബി.ജെ.പിക്ക് നിര്‍ണായകമാണ്.
ചെങ്ങന്നൂരിനു പുറമെ കര്‍ണാടകയിലെ ആര്‍.ആര്‍ നഗര്‍, പശ്ചിമബംഗാളിലെ മഹേസ്തല, ഝാര്‍ഖണ്ഡിലെ ഗോമിയ. സില്ലി, ബിഹാറിലെ ജോക്കിഹത്, മേഘാലയയിലെ അംബാട്ടി, ഉത്തരാഖണ്ഡിലെ തരളി, പഞ്ചാബിലെ ഷാകോത്, ഉത്തര്‍പ്രദേശിലെ നൂര്‍പൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ജോക്കിഹതില്‍ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യുവിനും ജീവന്മരണ പോരാട്ടമാണ്. മഹാസഖ്യം വിട്ട് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ച നിതീഷിന്റെ ജെ.ഡി.യു തുടര്‍ന്ന് വന്ന രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ദയനീയമായി തോറ്റിരുന്നു. ആര്‍.ജെ.ഡി-കോണ്‍ഗ്രസ് സഖ്യമാണ് ഇവിടെ ജയിച്ചത്. നൂര്‍പൂരിലും കോണ്‍ഗ്രസ് പിന്തുണയോടെ ആര്‍.ജെ.ഡി സ്ഥാനാര്‍ത്ഥിയാണ് ജെ.ഡി.യുവിനെതിരെ രംഗത്തുള്ളത്. ഝാര്‍ഖണ്ഡിലെ ഗോമിയയും സില്ലിയും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണ്.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്നോടിയായി 10,000ത്തോളം വ്യാജ ഇലക്ഷന്‍ ഐ.ഡി കാര്‍ഡുകള്‍ പിടിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍.ആര്‍ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഈ മാസം 31നാണ് എല്ലാ മണ്ഡലങ്ങളിലും വോട്ടെണ്ണല്‍. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ ജനവിധി എതിരായാല്‍ ബി.ജെ.പിയുടെ ലോക്‌സഭയിലെ അംഗബലം കേവല ഭൂരിപക്ഷത്തിന് താഴെയെത്തുമെന്ന സവിശേഷതയും ഈ ഉപതെരഞ്ഞെടുപ്പിനുണ്ട്.
2019ലെ പൊതുതെരഞ്ഞെടുപ്പില്‍ കാറ്റ് എങ്ങോട്ടാണെന്ന സൂചനയും യു.പിയും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലൂടെ പുറത്തു വരുമെന്നാണ് കണക്കുകൂട്ടല്‍.