ട്രാഫിക് സിഗ്നല്‍ കാത്തുനിന്ന വാഹനങ്ങള്‍ക്കുമേല്‍ കൂറ്റന്‍ ഹോര്‍ഡിങ് വീണ് നാലു പേര്‍ക്ക് ദാരുണാന്ത്യം. പൂനെയില്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് സ്ഥാപിച്ച 40 അടി ഉയരമുള്ള പരസ്യബോര്‍ഡാണ് തകര്‍ന്നുവീണത്. ശിവാജി ദേവിദാസ് പര്‍ദേശി (40), ഭീമറാവു ഗംഗാധര്‍ കാസര്‍ (47), ശ്യാം രാജാറാം ദോദ്രെ (48), ജാവേദ് മിസാബുദ്ദിന്‍ ഖാന്‍ (49) എന്നിവരാണ് മരിച്ചത്.
അനധികൃതമായി സ്ഥാപിച്ചിട്ടുള്ളതും അമിത വലിപ്പമുള്ളതുമായ ഹോര്‍ഡിങ് തിരക്കേറിയ റോഡില്‍ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
അപകടസാധ്യത മുന്നില്‍കണ്ട് ബോര്‍ഡ് നീക്കം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ഇന്ത്യന്‍ റെയില്‍വേസിന്റെ ഉടമസ്ഥയിലുള്ള റെയില്‍വേ കെട്ടിട പരിസരത്താണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ആറു ഓട്ടോറിക്ഷ, രണ്ടു ഇരുചക്ര വാഹനങ്ങള്‍, ഒരു കാര്‍ എന്നിവ തകര്‍ന്നുവീണ ഹോര്‍ഡിങിനടിയില്‍പെട്ടതായാണ് വിവരം.
Watch Video:
തകര്‍ന്നു വീണ ഹോര്‍ഡിങ് അനുവദിച്ചതിനേക്കാള്‍ ഉയര്‍ന്ന നിലയിലായിരുന്നുവെന്ന് മേയര്‍ മുക്ത തിലക് പറഞ്ഞു. ഈ പ്രദേശത്ത് 20 അടി ഉയരത്തില്‍ മാത്രമാണ് ഹോര്‍ഡിങുകള്‍ക്ക് അനുമതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.