ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജരായ നാലുപേര്‍ ഇടംനേടി. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയേറെ ഇന്ത്യന്‍ വംശജര്‍ മന്ത്രിസഭാംഗങ്ങളാകുന്നത്.
അലോക് ശര്‍മ, ഋഷി സുനക്, സൈലേഷ് വാര, സുല്ല ഫെര്‍ണാണ്ടസ് എന്നിവരാണ് പുതിയ മന്ത്രിമാര്‍. ഇവരില്‍ ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ മരുമകന്‍ സുനകും ഫെര്‍ണാണ്ടസും ആദ്യമായാണ് മന്ത്രിസഭാംഗങ്ങളാകുന്നത്. പ്രീതി പട്ടേല്‍ മാത്രമായിരുന്നു കാബിനറ്റ് പദവിയുള്ള ഏക ഇന്ത്യന്‍ വംശജ. എന്നാല്‍ ഇസ്രാഈല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ രാജിവെക്കേണ്ടിവന്നു.