X

വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാല് യോഗ്യതാ തീയതികള്‍

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാലു യോഗ്യതാ തീയതികള്‍ നിശ്ചയിച്ച് 1950ലെ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി. ഭേദഗതി പ്രകാരം നിലവിലുള്ള ജനുവരി ഒന്നിനു പുറമേ ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ നാലു യോഗ്യതാ തീയതികള്‍ നിലവില്‍വന്നതായി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ സഞ്ജയ് കൗള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈ യോഗ്യതാ തീയതികളില്‍ ഏതിലെങ്കിലും 18 വയസ് പൂര്‍ത്തിയാകുന്ന പൗരന്‍മാര്‍ക്ക് വാര്‍ഷിക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ സമയത്തും മുന്‍കൂറായും അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷവും പേരു ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ച് വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ ഉണ്ടായിരിക്കും. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചാല്‍ തുടര്‍ന്നു വരുന്ന മൂന്നു യോഗ്യതാ തീയതികളിലും (ഏപ്രില്‍ 01, ജൂലൈ 01, ഒക്ടോബര്‍ 01) 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം.

ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതുവരെയാകും അപേക്ഷകള്‍ സ്വീകരിക്കുക. 2023 ലെ വാര്‍ഷിക സമ്മതിദായക പട്ടിക പുതുക്കല്‍ ഓഗസ്റ്റ് ആദ്യവാരം ആരംഭിച്ചിട്ടുണ്ട്. കരട് വോട്ടര്‍ പട്ടിക നവംബര്‍ ഒമ്പതിനു പ്രസിദ്ധീകരിക്കും.

ശേഷം 2023 ജനുവരി ഒന്ന്, ഏപ്രില്‍ ഒന്ന്, ജൂലൈ ഒന്ന്്, ഒക്ടോബര്‍ ഒന്ന് യോഗ്യതാ തീയതിയില്‍ 18 വയസ് പൂര്‍ത്തിയാകുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ മുന്‍കൂറായി അപേക്ഷ സമര്‍പ്പിക്കാം. അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിനു പ്രസിദ്ധീകരിക്കും. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ളവരുടെ അന്തിമ വോട്ടര്‍ പട്ടികയാകും പ്രസിദ്ധീകരിക്കുക. 2023 ഏപ്രില്‍ ഒന്ന്്, ജൂലൈ ഒന്ന്, ഒക്ടോബര്‍ ഒന്ന് എന്നീ തീയതികളില്‍ 18 വയസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് മുന്‍കൂര്‍ അപേക്ഷകളില്‍ തീരുമാനമെടുക്കുകയും ചെയ്യും. ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിലും ഭേദഗതി വന്നു. വോട്ടര്‍ പട്ടികയില്‍ പേരുള്ള ഒരു സമ്മതിദായകന് ആധാര്‍ നമ്പര്‍ വോട്ടര്‍പട്ടികയുമായി ംംം.ി്‌ുെ.ശി വെബ്‌സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് മുഖേനയോ ബന്ധിപ്പിക്കാം. ഫോം 6ല്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്യാം. ആധാര്‍ നമ്പര്‍ നല്‍കിയില്ലെന്ന കാരണത്താല്‍ ഒരു വോട്ടറുടെ പേരും വോട്ടര്‍ പട്ടികയില്‍നിന്നു നീക്കം ചെയ്യില്ല. സര്‍വീസ് വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ വ്യവസ്ഥകളിലും മാറ്റം വരുത്തി.

Test User: