ഷാര്‍ജ: 40 വര്‍ഷത്തിലേറെ നീണ്ട പ്രവാസം മതിയാക്കി യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായ മുസ്തഫ മുട്ടുങ്ങല്‍ നാട്ടിലേക്ക് മടങ്ങുന്നു. സൗമ്യവും ശുദ്ധവുമായ സാമൂഹിക ഇടപെടലുകളിലൂടെ ജനമനസുകളില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ചു കൊണ്ടാണ് അദ്ദേഹ ജന്മദേശത്തേയ്ക്ക് മടങ്ങുന്നത്. ഈ പ്രവാസ ലോകമാണ് തനിക്കെല്ലാം നല്‍കിയതെന്ന് അദ്ദേഹം അഭിമാനപൂര്‍വം പറയുന്നു.
1983ല്‍ ഡിഗ്രി ഫൈനല്‍ വിദ്യാര്‍ത്ഥിയായിരിക്കെ ബന്ധു അയച്ചു കൊടുത്ത വിസയിലാണ് മുസ്തഫ മുട്ടുങ്ങല്‍ ഷാര്‍ജയിലെത്തിയത്. ബന്ധുവിന്റെ പുതുതായാരംഭിച്ച റെഡിമെയ്ഡ് ഷോപ്പില്‍ പിറ്റേ ദിവസം തന്നെ ജോലിയില്‍ കയറി.10 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാര്‍ജ അല്‍ ഗുവൈര്‍ മാര്‍ക്കറ്റില്‍ പങ്കാളിത്തം നല്‍കി തുടങ്ങിയ കടയിലക്ക് മാറി. സ്‌കൂള്‍ യുനിഫോമുകള്‍ പ്രാധാനമായും വില്‍പന നടത്തിയിരുന്ന പ്രസ്തുത കട 2015 വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു. സ്‌കൂളുകള്‍ തന്നെ യൂണിഫോം വിതരണം തുടങ്ങിയതോടെ വില്‍പന കുറഞ്ഞ് 2021ലെത്തുമ്പോള്‍ സ്ഥാപനം നഷ്ടത്തിലായി ‘അല്‍ഫദ്‌വ യൂനിഫോംസ്’ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നു.
കോവിഡ് സ്ഥാപനത്തിന്റെ പതനത്തിന് ആക്കം കൂട്ടി. ചെറുകിട സ്ഥാപനങ്ങള്‍ നേരിടേണ്ടി വരുന്ന സ്വാഭാവികമായ പതനം കൂടിയായിരുന്നു അത്. എങ്കിലും, വലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടുവെന്ന് പറയാം. പിന്നെയും ചില പരിശ്രമങ്ങള്‍ക്ക് തുനിഞ്ഞെങ്കിലും വന്‍കിടക്കാരുടെ കുത്തൊഴുക്കില്‍ ചെറുകിട മേഖല വിജയിക്കാന്‍ സാധ്യത കുറവായതിനാല്‍ സാഹസത്തിന് മുതിരാതെ നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിക്കുക്കയായിരുന്നു.
ഇവിടെ എത്തിയ വര്‍ഷം തന്നെ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തില്‍ അംഗമായി ചേര്‍ന്ന മുസ്തഫ മുട്ടുങ്ങല്‍, പിന്നീട് കെഎംസിസിയായി മാറിയ അതേ സംഘടനയില്‍ 1990 വരെ സംസ്ഥാന കമ്മിറ്റിയംഗമായി. കോഴിക്കോട് ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതിന്റെ സെക്രട്ടറി, ജന.സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ 15 വര്‍ഷം സേവനമനുഷ്ഠിച്ചു. ഇടക്ക് സംസ്ഥാന സെക്രട്ടറിയുമായി. യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറിയായാണ് പിരിഞ്ഞത്. സിഎച്ച് സെന്റര്‍, തണല്‍ തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ സാരഥിയായിരുന്നു. നിലവില്‍ തണല്‍ എക്‌സിക്യൂട്ടീവ് മെംബറും യുഎഇ വിംഗ് ജന.സെക്രട്ടറിയുമാണ്.
വടകര ഓര്‍ക്കാട്ടേരി എംഇഎസ് സ്‌കൂള്‍, എംഎച്ച്ഇഎസ് കോളജ് വടകര എന്നിവയുടെ ഫൗണ്ടര്‍ മെംബറും ഇപ്പോള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. മുക്കം ദാറുസ്സലാഹ് അറബിക് കോളജ് ഷാര്‍ജ ചാപ്റ്റര്‍ ചെയര്‍മാനുമായിരുന്നു. ഈ നിലകളില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിഞ്ഞത് പ്രവാസത്തിന്റെ ശേഷിപ്പാണ്.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈഫ് മെംബറാണ്. പല തവണ അസോസിയേഷന്റെ ലിറ്റററി, പബ്‌ളികേഷന്‍ കമ്മിറ്റികളില്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുകയും അതു വഴി ഷാര്‍ജയിലെ സാഹിത്യ-സാംസ്‌കാരിക മേഖലകളിലുള്ളവരുമായി അടുത്തിടപഴകാന്‍ സാധിക്കുകയും ചെയ്തു. കേരള മാപ്പിള കലാ അക്കാദമി സെക്രട്ടറിയായിരുന്നു. 1990 മുതല്‍ ചന്ദ്രിക ഷാര്‍ജ ലേഖകനായിരുന്നു. 2015 വരെ അത് തുടര്‍ന്നു. ഷാര്‍ജ മദ്രസ തുര്‍മുദി, ദഅ്‌വാ സെന്റര്‍, എംഐസി കാസര്‍കോട് എന്നീ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം സമസ്തയുടെ പണ്ഡിതന്‍മാരുമായി അടുത്തിടപഴകാന്‍ അവസരം നല്‍കി. മടപ്പള്ളി ഗവ.കോളജ് അലൂംനി യുഎഇ ചാപ്റ്റര്‍ പ്രസിഡണ്ടുമായിരുന്നു.
യുഎഇയുടെ കണ്ണഞ്ചിക്കുന്ന വികസന കുതിപ്പിന് സാക്ഷിയാവാന്‍ അദ്ദേഹത്തിന് സാധിച്ചു. അത് ലോകത്തിന് നല്‍ കിയ നന്‍മയുടെയും അച്ചടക്കത്തിന്റെയും സമാധാനത്തിന്റെയും ഈ തുരുത്തില്‍ നാലു പതിറ്റാണ്ട് ജീവിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷമാണ് പ്രവാസത്തിന്റെ ബാക്കിപത്രം. ഒപ്പം, കുറെ നല്ല സുഹൃദ് ബന്ധങ്ങളും. നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലിടപെടാന്‍ കഴിഞ്ഞതും ഈ സൗഹൃദ ബന്ധങ്ങളുടെ കരുത്തിലാണ്. മകന്‍ മുനീബ് ദുബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. വടകരക്കടുത്ത് മുട്ടുങ്ങല്‍ ചോറോട് ഗെയ്റ്റിലാണ് മുസ്തഫ മുട്ടുങ്ങല്‍ താമസിക്കുന്നത്.