തലശ്ശേരി: പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് നാലുപേര്‍ മരണപ്പെട്ട വീട്ടിലെ സൗമ്യ(37)യെ അസുഖത്തെ തുടര്‍ന്ന് തലശ്ശേരി സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ച്ചയെന്നോണം സംഭവിച്ച നാല് മരണങ്ങളുടെ രീതി പ്രദേശവാസികളില്‍ ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്. ഇതിനിടയിലാണ് സൗമ്യയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തലശ്ശേരി സി.ഐ. കെ.ഇ.പ്രേമചന്ദ്രനാണ് കേസ് അന്വേഷിക്കുന്നത്. നിരവധി സംശയങ്ങള്‍ ഇത് സംബന്ധിച്ച് പ്രദേശവാസികളില്‍ പ്രചരിക്കുന്നുണ്ട്. സൗമ്യ ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ട ദിവസം വൈകി ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.
നാല്‍പ്പത് ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ വീട്ടില്‍ മരണപ്പെട്ട വടവതി കമലയുടെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചില്ലെന്നാണ് ഇതുവരെയുള്ള വിവരം. 2012 ഏപ്രില്‍ മാസം സൗമ്യയുടെ ഒരു വയസുകാരിയായ മകള്‍ കീര്‍ത്തന ഛര്‍ദ്ദിയെ തുടര്‍ന്നാണ് മരിച്ചത്. അതില്‍ പിന്നീടാണ് കീര്‍ത്തനയുടെ സഹോദരി ഒമ്പത് വയസുകാരി ഐശ്വര്യ ഇതേ രീതിയില്‍ തന്നെ അസുഖം ബാധിച്ച് മരിക്കുന്നത്. തൊട്ട് പിറകെ കഴിഞ്ഞ മാര്‍ച്ച് 7 ന് വടവതി കമലയും ഏപ്രില്‍ 13ന് കമലയുടെ ഭര്‍ത്താവ് കുഞ്ഞിക്കണ്ണനും മരണപ്പെട്ടു.
വീട്ടിലെ കിണറില്‍ അയേണ്‍, അമോണിയയുടെ അംശങ്ങള്‍ അളവില്‍ കൂടുതല്‍ ഉണ്ടെന്ന പ്രചരണം ഇതോടനുബന്ധിച്ച് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. പ്രദേശവാസികളില്‍ ഇത് ആശങ്കയ്ക്കിടയാക്കുകയും ചെയ്തു. കുടുംബത്തിലെ നാലുപേരുടെ മരണത്തിന് ഇടയാക്കിയ കാരണം കണ്ടെത്താന്‍ സൗമ്യയെ വിശദമായി ചോദ്യം ചെയ്യേണ്ടിവരും. മരിച്ച കമലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്. ഒരേ കുടുംബത്തില്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടും പ്രദേശവാസികളുടെ സംശയങ്ങള്‍ ഇല്ലാതാക്കുന്ന വിധത്തില്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ ലഭ്യമാകുന്ന മുറക്ക് ശാസ്ത്രീയ അന്വേഷണം തൃപ്തികരമായി നടത്തുമെന്നാണ് പൊലീസ് പറയുന്നത്. രണ്ടോ മൂന്നോ ദിവസത്തിനകം റിപ്പാര്‍ട്ട് ലഭിക്കുമെന്നാണ് സൂചന.