48 നാളുകള്‍ നീണ്ട ആക്രമണത്തിനൊടുവില്‍ ഗസ്സയില്‍ വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ പ്രാദേശികസമയം 7 മണി മുതല്‍ പ്രാബല്യത്തില്‍ വരും. ബന്ദികളില്‍ 13 പേരെ വൈകീട്ട് കൈമാറും. ഇന്ത്യന്‍ സമയം കാലത്ത് ഏതാണ്ട് പത്തര മണിയോടെയാണ് വെടിനിര്‍ത്തല്‍ നടപ്പില്‍ വരിക. 4 ദിവസത്തെ താല്‍കാലിക യുദ്ധവിരാമത്തിനാണ് കരാര്‍. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ബന്ദികളില്‍ നിന്നുള്ള ആദ്യ സംഘത്തെ വൈകീട്ട് 4 മണിയോടെ മോചിപ്പിക്കും. ഇവരുടെ പേരു വിവരങ്ങള്‍ ഇസ്രാഇൗലിന് കൈമാറിയതായി ഖത്തര്‍ അറിയിച്ചു.
അന്താരാഷ്ട്ര റെഡ്‌ക്രോസ്, റെഡ്ക്രസന്റ് എന്നീ കൂട്ടായ്മകള്‍ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന് മേല്‍നോട്ടം വഹിക്കും. ഇരുപക്ഷവും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കണമെന്നും മധ്യസ്ഥ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. ഖത്തര്‍ നേതൃത്വത്തില്‍ ഈജിപ്തും അമേരിക്കയുമായി സഹകരിച്ചാണ് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുന്നത്. ഗസ്സയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ വെടിനിര്‍ത്തല്‍ വേളയില്‍ നീക്കം നടക്കുമെന്ന് അമേരിക്ക അറിയിച്ചു.
അതേസമയം, താല്‍ക്കാലിക വെടിനിര്‍ത്തല്‍ സമയം തീരുന്നതോടെ ആക്രമണവുമായി മുന്നോട്ടു പോകുമെന്നും രണ്ടു മാസമെങ്കിലും തുടര്‍ന്ന് യുദ്ധം നീണ്ടുനിന്നേക്കുമെന്നും ഇസ്രാഇൗല്‍ പ്രതിരോധ മന്ത്രി ഗാലന്റ് വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ മുതല്‍ ഗസ്സയിലുടനീളം കര, വ്യോമ മാര്‍ഗങ്ങളിലൂടെ താമസകേന്ദ്രങ്ങളും ആശുപത്രികളും ലക്ഷ്യമിട്ട് കനത്ത ആക്രമണമാണ് ഇസ്രായേല്‍ സേന തുടര്‍ന്നത്. വെടിനിര്‍ത്തലിന് മുമ്പുള്ള മണിക്കൂറുകള്‍ കൂട്ടക്കുരുതിക്കുള്ള അവസരമായി സൈന്യം കണ്ടുവെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഗസ്സയില്‍ മരണം ഏതാണ്ട് പതിനായ്യിരമായി.
ഇവരില്‍ 6150 പേര്‍ കുട്ടികളും നാലായിരം പേര്‍ സ്ത്രീകളും. പരിക്കേറ്റവരുടെ എണ്ണം 36,000 കവിഞ്ഞു. ഇവരില്‍ മൂന്നില്‍ രണ്ടും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറയുന്നത്. കാണാതായ ഏഴായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി സംസ്‌ക്കരിക്കാന്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉപകരിക്കും. സമ്പൂര്‍ണ വെടിനിര്‍ത്തലും, മേഖലയിലെ സമാധാനം പുനസ്ഥാപിക്കലുമാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് മധ്യസ്ഥ രജ്യമായ ഖത്തറും വിവിധ ലോകരാജ്യങ്ങളും വ്യക് തമാക്കുന്നുണ്ടെങ്കിലും ഹമാസിനെ അമര്‍ച്ച ചെയ്യാതെ പിന്‍വാങ്ങില്ലെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് ഇസ്രാഇൗല്‍.
കടുത്ത പോരാട്ടത്തിലൂടെ പിന്നിട്ട 48 ദിവസം ഇസ്രാഈലിന്റെ 335 സൈനിക വാഹനങ്ങള്‍ തകര്‍ക്കാനും നിരവധി സൈനികരെ കൊലപ്പെടുത്താനും സാധിച്ചതായി അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ വ്യക്തമാക്കി. ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ പുറന്തള്ളുന്നത് ചെറുക്കുമെന്ന് ഈജിപ്ത് പ്രസിഡന്റും പറഞ്ഞു. ലബനാനില്‍ നിന്ന് നിരവധി മിസൈലുകള്‍ വന്നതോടെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ശക്തമായ പ്രത്യാക്രമണം നടത്തിയെന്നും ഇസ്രാഈല്‍ സൈന്യം അറിയിച്ചു.