X

ബീഫിന്റെ പേരില്‍ വയോധികനെ മര്‍ദിച്ച നാലു ഗോരക്ഷാ ഗുണ്ടകള്‍ അറസ്റ്റില്‍; മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം; പൊലീസിനെതിരെ രൂക്ഷവിമര്‍ശനം

ബീഫ് കൈവശം ഉണ്ടെന്നാരോപിച്ച് മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനില്‍ മുസ്ലിം വയോധികനെ ക്രൂരമായി മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ 4 ഗോരക്ഷാ ഗുണ്ടകള്‍ അറസ്റ്റില്‍. സ്‌പെഷ്യല്‍ റിസര്‍വ്ഡ് പൊലീസ് ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ മകനായ ആകാശ് അവ്ഹാദ്, നിതേഷ് അഹിരേന്‍, ജയേഷ് മൊഹിതെ എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും ഇവര്‍ക്ക് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. 15,000 രൂപയുടെ ജാമ്യത്തുകയിലാണ് പ്രതികള്‍ മോചിതരായത്.

കഴിഞ്ഞദിവസം മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലായിരുന്നു സംഭവം. ജല്‍ഗാവ് ജില്ലയിലെ താമസക്കാരനായ ഹാജി അഷ്റഫ് മുന്‍യാറിനാണ് മര്‍ദനമേറ്റത്. കല്യാണിലുള്ള തന്റെ മകളുടെ വീട്ടിലേക്ക് ഭക്ഷണസാധനങ്ങളുമായി പോകുമ്പോള്‍ ഇഗത്പുരിക്ക് സമീപമായിരുന്നു സംഭവം. കൈയിലുള്ളത് ബീഫല്ലെന്ന് പറഞ്ഞിട്ടും ഇവര്‍ ഭീഷണിപ്പെടുത്തലും അടിയും തുടര്‍ന്നു. ആക്രമണത്തില്‍ പരിക്കേറ്റ അഷ്‌റഫ് ട്രെയിനിറിങ്ങി അരമണിക്കൂറിനുള്ളില്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസെടുത്തില്ലെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. പരിക്കുകള്‍ ഗുരുതരമായതിനാല്‍ ഉടനെ ആശുപത്രിയില്‍ ചികിത്സ തേടി.

പിന്നീട്, സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയാറായതും പ്രതികളെ അറസ്റ്റ് ചെയ്തതും. താനെ റെയില്‍വേ പൊലീസാണ് 72കാരന്റെ പരാതിയില്‍ കേസെടുത്തത്. എന്നാല്‍ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തണമെന്ന ആവശ്യം പൊലീസ് അംഗീകരിച്ചില്ലെന്ന് അഷ്‌റഫ് പറയുന്നു. പ്രതികള്‍ കൂട്ടമായി ആക്രമിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്നും വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും കൈയിലുണ്ടായിരുന്ന പണം കവരുകയും ചെയ്‌തെന്ന് അഷ്‌റഫ് പൊലീസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചുമത്തിയത്. ആള്‍ക്കൂട്ട ആക്രമണം, കൊലപാതക ശ്രമം, വിദ്വേഷ പ്രചാരണം, കലാപശ്രമം തുടങ്ങിയ വകുപ്പുകളൊന്നും ചുമത്താന്‍ പൊലീസ് തയാറായില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്ന വിമര്‍ശനം ശക്തമാണ്.

ആള്‍ക്കൂട്ട കൊലപാതകക്കേസുകളില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം വര്‍ഗീയ- വിദ്വേഷ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനായി ഒരു സൈബര്‍ ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ രൂപീകരിക്കണമെന്നും തുടര്‍ന്ന് പൊലീസ് ഉടന്‍ നടപടിയെടുക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമാണ് നിര്‍ദേശം. എന്നാല്‍ ഇതെല്ലാം അവഗണിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.

സംഭവത്തില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. വിദ്വേഷ കുറ്റകൃത്യങ്ങള്‍, ആള്‍ക്കൂട്ട ആക്രമണങ്ങള്‍, കവര്‍ച്ച, കൊലപാതകശ്രമം എന്നിവയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ ചുമത്തേണ്ടതില്ലെന്ന റെയില്‍വേ പൊലീസ് തീരുമാനത്തിനെതിരെ എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹദ് രംഗത്തെത്തി.

webdesk13: