ദോഹ: ഖത്തറിനെതിരായ ഉപരോധം നീക്കാന്‍ കഴിഞ്ഞ വര്‍ഷം മുന്നോട്ടുവെച്ച 13 ഉപാധികള്‍ വീണ്ടും ഉന്നയിച്ച് അറബ് രാഷ്ട്രങ്ങള്‍. ഉപരോധം നീക്കണമെങ്കില്‍ അല്‍ ജസീറ അടച്ചുപൂട്ടുക എന്നതടക്കം തങ്ങള്‍ മുന്നോട്ടു വെച്ച ആവശ്യങ്ങളില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിച്ചതായി ഉപരോധ നീക്കങ്ങളിലെ പ്രധാന പങ്കാളിയായ ഈജിപ്ത് അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍ രാജ്യങ്ങളാണ് ഖത്തറിനെ ഉപരോധിക്കുന്ന മറ്റ് രാജ്യങ്ങള്‍.
ഈയിടെയായി ഖത്തറിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രകോപനപരമായ നീക്കങ്ങളെ പറ്റി നാല് രാഷ്ട്രങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെന്നും, തങ്ങളുടെ താല്‍പര്യങ്ങളെയും ദേശീയ സുരക്ഷയെയും വെല്ലുവിളിക്കുന്ന നീക്കങ്ങളാണ് ഖത്തറില്‍ നിന്നുണ്ടാകുന്നതെന്നും ഈജിപ്ത് പ്രതിരോധ മന്ത്രാലയം വക്താവ് അ്മദ് അബൂസെയ്ദ് ഫേസ്ബുക്കില്‍ കുറിച്ചു. നാല് രാജ്യങ്ങള്‍ പരസ്പരം പൂര്‍ണ ഐക്യത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഈയിടെ, യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ചു സംസാരിച്ചത്, ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണെന്ന വിലയിരുത്തലുണ്ടായിരുന്നു. ഭീകരവാദത്തിനെതിരായ ഖത്തറിന്റെ പോരാട്ടത്തെ പ്രശംസിച്ച ട്രംപ് മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി.സി.സി) പിന്തുണ വേണമെന്നും പറഞ്ഞു. ഭീകരവാദത്തെ കീഴടക്കാനും ഇറാന്റെ സ്വാധീനം ഇല്ലാതാക്കാനും ഖത്തര്‍ യു.എസ്സുമായി സഹകരിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ഏഴു മാസം മുമ്പ് നാല് രാഷ്ട്രങ്ങള്‍ ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ഈ വര്‍ഷം പുതിയ തലങ്ങളിലേക്ക് വികസിച്ചിരുന്നു. തങ്ങളുടെ രാജ്യത്തു നിന്ന് ബഹ്‌റൈനിലേക്ക് പുറപ്പെട്ട വാണിജ്യ വിമാനത്തെ ഖത്തര്‍ വ്യോമസേന തടസ്സപ്പെടുത്തിയതായി യു.എ.ഇ ജനുവരി 15-ന് ആരോപിച്ചിരുന്നു. എന്നാല്‍ ദോഹ ഇത് നിഷേധിക്കുകയാണുണ്ടായത്.
നേരത്തെ, യു.എ.ഇയുടെ യുദ്ധ വിമാനങ്ങള്‍ തങ്ങളുടെ വ്യോമ പരിധി ലംഘിക്കുന്നതായി ഖത്തര്‍ യു.എന്നിനയച്ച കത്തില്‍ ആരോപിച്ചിരുന്നു.