ഇസ്രാഈലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ ലെബനനില്‍ നാമാവശേഷമായത് നാല് പുരാതന ഗ്രാമങ്ങള്‍. യാറൂണ്‍, മൈബീബ്, മെയ്‌സ് അല്‍ജബല്‍, ബ്ലിഡ എന്നീ ഗ്രാമങ്ങളാണ് ഇസ്രാഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ തകര്‍ന്നത്. ലെബനനില്‍ നടക്കുന്ന ആക്രമണത്തിന്റെ സാറ്റലൈറ്റ് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഗ്രാമങ്ങളിലുണ്ടായ ആക്രമണം ശ്രദ്ധിക്കപ്പെട്ടത്.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ലെബനനില്‍ അതിപുരാതനമായ പല കേന്ദ്രങ്ങളും ഇസ്രാഈല്‍ തകര്‍ത്തതായി കാണാം. അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 1982നും 2000നും ഇടയിലുണ്ടായ ഇസ്രാഈലിന്റെ അധിനിവേശത്തില്‍ ബ്ലിഡയില്‍ നിന്ന് ഒരു കൂട്ടം ജനങ്ങള്‍ ജര്‍മനിയിലേക്ക് കുടിയേറിയിരുന്നു.
2,000 വര്‍ഷം പഴക്കമുള്ള മുസ്‌ലിം പള്ളിയുള്ള ലെബനനിലെ ഗ്രാമാണ് ബ്ലിഡ. ഏഴാം നൂറ്റാണ്ടിലെ മുസ്‌ലിം അധിനിവേശത്തെത്തുടര്‍ന്ന് ജബല്‍ അമേലിലെ ആദ്യത്തെ പള്ളിയായി ഇത് മാറുകയായിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. കൃഷി ഉപജീവനമാക്കിയവരാണ് ബ്ലിഡയില്‍ ഭൂരിഭാഗവും. 1920ല്‍ ലെബനനുമായുള്ള അതിര്‍ത്തി പങ്കിടലില്‍ ബ്ലിഡയുടെ ഫലഭൂയിഷ്ഠമായ മൂന്നിലൊരു ഭാഗം പ്രദേശം ഫലസ്തീന്റെ ഭാഗമായി മാറിയിരുന്നു.
മര്‍ജയൂണ്‍ ജില്ലയിലെ ഏറ്റവും വലിയ ഗ്രാമങ്ങളില്‍ ഒന്നാണ് മെയ്‌സ് അല്‍ജബല്‍. പുരാതന ഷിയ മത കേന്ദ്രങ്ങളുടെ ആസ്ഥാനമായാണ് മെയ്‌സ് അല്‍ജബലിനെ കണക്കാക്കുന്നത്. ജബലിലെ ദര്‍ബ് അല്‍ഹുറത്ത് ഗുഹകള്‍ പ്രാദേശിക ശവക്കുഴികളാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ചരിത്രം പുരാവസ്തു ഗവേഷകര്‍ പുറത്തുവിട്ടിട്ടില്ലെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.
മെയ്‌സ് അല്‍ജബളില്‍ നിന്നുള്ള നിരവധി ആളുകള്‍ ആഫ്രിക്ക, യു.എസ്, ഓസ്‌ട്രേലിയ, ഗള്‍ഫ്, യൂറോപ്പ് എന്നിവിടങ്ങളില്‍ തൊഴിലെടുക്കുന്നതായും എം.ഇ.ഐ പറയുന്നു.
ഒട്ടോമന്‍ കമാന്‍ഡര്‍ അഹ്മദ് പാഷ അല്‍ജസറിന്റെ സൈന്യത്തിനെതിരെ 1781ല്‍ യുദ്ധം നടന്നത് യാറൂണിലാണെന്ന് പറയപ്പെടുന്നു. 1982 നും 2000 നും ഇടയിലായി ഇസ്രാഈല്‍ കൈവശപ്പെടുത്തിയ ഗ്രാമം കൂടിയായിരുന്നു യാറൂണ്‍. 12,000ലധികം ലെബനീസ് പൗരന്മാര്‍ ഈ ഗ്രാമത്തിലുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇതിന്റെ 80 ശതമാനവും പ്രവാസികളാണ്. ഇവര്‍ യു.എസ്, ഓസ്‌ട്രേലിയ, പനാമ എന്നീ രാജ്യങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ നാടുകളിലുമാണ് കഴിയുന്നത്.