വയനാട് ദുരന്ത ബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ഉരുള്‍ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിടുന്നത്. നാലുമണിയോടെ കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് തറക്കല്ലിടുന്നത്. പ്രിയങ്കാ ഗാന്ധി എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ , പി.കെ കുഞ്ഞാലിക്കുട്ടി, റവന്യൂ മന്ത്രി കെ.രാജന്‍, വിവിധ മന്ത്രിമാര്‍ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍, മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെല്ലാം ചടങ്ങിന്റെ ഭാഗമാകും.
7 സെന്റില്‍ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലുള്ള വീടുകളാണ് ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങിയവ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടും. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവില്‍ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 67 പേര്‍ വീടിന് പകരം നല്‍കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവന്‍ പേരും സമ്മതപത്രം നല്‍കി കഴിഞ്ഞു.