ലഖ്‌നൗ: ബാബരി മസ്ജദിന് പകരമായി അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിക്ക് റിപ്പബ്ലിക് ദിനത്തില്‍ തറക്കല്ലിടും. ബാബരിയേക്കാള്‍ വലിയ മസ്ജിദാണ് വിഭാവനം ചെയ്യുന്നത് എന്നും ഇതിന്റെ രൂപരേഖ ശനിയാഴ്ച പുറത്തിറക്കുമെന്നും മസ്ജിദ് നിര്‍മാണ ട്രസ്റ്റിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഏഴു ദശാബ്ദങ്ങള്‍ക്ക് മുമ്പ് ഭരണഘടന നിലവില്‍ വന്ന ദിനമായ, ജനുവരി 26നാണ് അയോധ്യയിലെ മസ്ജിദിന്റെ തറക്കല്ലിടല്‍ കര്‍മത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ബഹുസ്വരതയില്‍ അടിസ്ഥാനമാണ് നമ്മുടെ ഭരണഘടന. നമ്മുടെ മസ്ജിദ് പദ്ധതിയുടെ അടിസ്ഥാന വിവരണം അതാണ്’ – ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) സെക്രട്ടറി അത്താര്‍ ഹുസൈന്‍ പറഞ്ഞു.
മസ്ജിദ് നിര്‍മാണത്തിനായി സുന്നി വഖ്ഫ് ബോര്‍ഡ് രൂപീകരിച്ച സമിതിാണ് ഐഐസിഎഫ്.
ബാബരി മസ്ജിദ്
മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, കമ്യൂണിറ്റി കിച്ചന്‍, ലൈബ്രറി തുടങ്ങിയവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രൊഫസര്‍ എസ്എം അക്തര്‍ ആണ് മസ്ജിദ് സമുച്ചയത്തിന്റെ ചീഫ് ആര്‍കിടെക്ട്. വൃത്താകൃതിയില്‍ ആയിരിക്കും കെട്ടിടമെന്നും അദ്ദേഹം വെളിപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിനാണ് തകര്‍ക്കപ്പെട്ട ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നത്. അയോധ്യയില്‍ തന്നെ അഞ്ചേക്കര്‍ സ്ഥലം പള്ളിക്കായി വിട്ടു കൊടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അയോധ്യയിലെ സൊഹാവല്‍ തെഹ്‌സിലില്‍ ദാന്നിപ്പൂര്‍ ഗ്രാമത്തിലാണ് മസ്ജിദ് വരുന്നത്.