ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭാ ഓഫീസില്‍ നിന്ന് നഷ്ടപ്പെട്ട സുപ്രധാന രേഖകള്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ ആസ്ഥാനത്തെ അലമാരയില്‍നിന്നാണ് 18 ഫയലുകള്‍ കിട്ടിയത്. ഇനിയും ഫയലുകള്‍ കണ്ടുകിട്ടാനുണ്ട്. കയ്യേറ്റ ആരോപണം വന്നപ്പോള്‍ നടത്തിയ പരിശോധനയില്‍ 32 ഫയലുകള്‍ കാണാതായിരുന്നു.
റിസോര്‍ട്ടുമായി ബന്ധപ്പെട്ടു വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ആലപ്പുഴ നഗരസഭയില്‍ നിന്നും ഫയലുകള്‍ കാണാതായത്. റിസോര്‍ട്ട് നിര്‍മാണത്തിന് 2000ത്തില്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട നിര്‍ണായക ഫയലുകളാണു കാണാതായത്. ഫയല്‍ കണ്ടെത്താന്‍ ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറി സേര്‍ച്ച് ഓര്‍ഡര്‍ നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണു നഗരസഭയിലെതന്നെ അലമാരയില്‍ ഫയല്‍ കണ്ടെത്തിയത്.
മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിന്റെ ഭൂമി ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ടു കോണ്‍ഗ്രസ് ഭരിക്കുന്ന ആലപ്പുഴ നഗരസഭയുടെ അധ്യക്ഷന്‍ തോമസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു.
അതേസമയം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണു മന്ത്രി തോമസ് ചാണ്ടിയുടെ വിശദീകരണം. നിയമവിരുദ്ധമായി ഒരു സെന്റ് ഭൂമി തരപ്പെടുത്തിയെന്നു തെളിഞ്ഞാല്‍ മന്ത്രിസ്ഥാനമല്ല, എംഎല്‍എ സ്ഥാനവും രാജിവച്ചു വീട്ടില്‍ പോയിരിക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു. പ്രതിപക്ഷസംഘം തന്റെ റിസോര്‍ട്ട് ഉള്‍പ്പെടെ പരിശോധിച്ച് ആരോപണം തെളിയിക്കാമോയെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചിരുന്നു.
18 കെട്ടിടങ്ങളുടെ രേഖകളാണ് തിരിച്ചുകിട്ടിയ ഫയലിലുള്ളത്. ഇവ ഭൂമികയ്യേറ്റ വിഷയത്തിലെ സുപ്രധാന രേഖകളാണ്. കാണാതായ മറ്റ് മൂന്ന് ഫയലുകള്‍ കൂടി വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. ആ ഫയലുകളും തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണ്.