യുഎസ് തലസ്ഥാനമായ വാഷിംഗ്ടണിൽ ഒരു വയസ്സുകാരന് ദാരുണാന്ത്യം. വളർത്തമ്മ കാറിൽ ഉപേക്ഷിച്ച കുട്ടി കടുത്ത ചൂടിനെ തുടർന്ന് മരിച്ചു. ഒമ്പത് മണിക്കൂറിലേറെയാണ് കുട്ടി കാറിൽ കിടന്നത്. കുഞ്ഞ് കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്നാണ് വളർത്തമ്മയുടെ വാദം.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെ വാഷിംഗ്ടണിലെ ‘ഗുഡ് സമരിറ്റൻ’ ഹോസ്പിറ്റലിൽ ജോലിക്കായി എത്തിയപ്പോഴാണ് വളർത്തമ്മ കുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് പോയത്. ഷിഫ്റ്റ് കഴിഞ്ഞ് വൈകീട്ട് 5 മണിയോടെ ഇവർ തിരിച്ചെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്ന് വളർത്തമ്മ പൊലീസിനോട് പറഞ്ഞു.
കടുത്ത ചൂടിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ടകോമയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പുയല്ലപ്പിലെ താപനില 70-നും 75-നും ഇടയിലാണെന്നും എന്നാൽ കുട്ടിയെ കണ്ടെത്തുമ്പോൾ കാറിന്റെ ആന്തരിക താപനില 110 ഡിഗ്രിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആശുപത്രിയിലെ ഒരു സാമൂഹിക പ്രവർത്തകയാണ് വളർത്തമ്മ. ഇവരും കുടുംബവും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും കുറ്റം ചുമത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.