ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സലിം ദുരാനി അന്തരിച്ചു. 88 വയസായിരുന്നു.ഗുജറാത്തിലെ ജാംനഗറിൽ ഇളയ സഹോദരൻ ജഹാംഗീർ ദുരാനിക്കൊപ്പമായിരുന്നു താമസം. ഈ വർഷം ജനുവരിയിൽ വീഴ്ചയിൽ തുടയെല്ല് ഒടിഞ്ഞതിനെത്തുടർന്ന് ദുരാനി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.ക്രിക്കറ്റ് രംഗത്ത് നിന്ന് ആദ്യ അർജുന അവാർഡ് നേടിയ വ്യക്തിയാണ് സലിം ദുറാനി. 1934 ഡിസംബർ 11ന് അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ജനിച്ച അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ഗുജറാത്ത്, മഹാരാഷ്ട്ര, എന്നീ ടീമുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്.
1961-62 ലെ ചരിത്രപരമായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-0 ന് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ചു.രാജ്യത്തിനായി കളിച്ച 50 ഇന്നിംഗ്‌സുകളിൽ ഏഴ് അർധസെഞ്ചുറികൾ ഉൾപ്പടെ 1,202 റൺസ് നേടി.സലിം ദുരാനിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു.
“സലിം ദുറാനി ജി ഒരു ക്രിക്കറ്റ് ഇതിഹാസമായിരുന്നു, ഒരു സ്ഥാപനമായിരുന്നു. ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ ഉയർച്ചയ്ക്ക് അദ്ദേഹം നിർണായക സംഭാവന നൽകി. കളിക്കളത്തിലും പുറത്തും അദ്ദേഹം തന്റെ ശൈലിക്ക് പേരുകേട്ടയാളായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.” പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.