വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. മുന്‍ യു.എസ് പ്രസിഡന്റുമാരായ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് സീനിയറിന്റെ പത്‌നിയും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മാതാവുമായ ബാര്‍ബറ ബുഷ് പൗരാവാകാശ പോരാളി കൂടിയായിരുന്നു. സാക്ഷരതാ പ്രവര്‍ത്തകയെന്ന നിലയിലും അവര്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി. 1989 മുതല്‍ 1993 വരെ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പത്‌നി എന്ന നിലയില്‍ പ്രഥമ വനിത പദവി അലങ്കരിച്ചു.
ജോര്‍ജ് ബുഷ് സീനയറാണ് ആയുര്‍ദൈര്‍ഘ്യം കൂടിയ അമേരിക്കന്‍ പ്രസിഡന്റ്. 93കാരനായ അദ്ദേഹം ഇപ്പോള്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പിടിയിലാണ്. മകന്‍ ജോര്‍ജ് ഡബ്ല്യു ബുഷ് ആണ് ബാര്‍ബറയുടെ മരണവിവരം പുറത്തുവിട്ടത്. അമേരിക്കയുടെ തറവാട്ടമ്മയുടെ മകനെന്ന നിലയില്‍ താന്‍ ഭാഗ്യവനാണെന്ന് അദ്ദേഹം പറഞ്ഞു. ഞാനും കുടുംബവും അവരുടെ വേര്‍പാടിലാണ്. നിങ്ങളുടെ പ്രാര്‍ത്ഥനക്കും അനുശോചന സന്ദേശങ്ങള്‍ക്കും നന്ദി-ജോര്‍ജ് ബുഷ് അറിയിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ രാഷ്ട്രീയ കുടുംബമാണ് ജോര്‍ജ് ബുഷിന്റേത്. 1999 മുതല്‍ 2007 വരെ ഫ്‌ളോറിഡ ഗവര്‍ണറായിരുന്ന ജെബ് ബുഷ് ബാര്‍ബറയുടെ മറ്റൊരു മകനാണ്. 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ തന്നെ പരാജയപ്പെട്ട് പുറത്തുപോകുകയായിരുന്നു. ഒരു മകന്‍ റോബിന്‍ 1953ല്‍ ലുക്കീമിയ ബാധിച്ച് മരിച്ചു. നീല്‍, മാര്‍വിന്‍, ഡൊറോത്തി എന്നിവരാണ് മറ്റു മക്കള്‍. ആറ് മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ബാര്‍ബറയുടെ വിയോഗത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുശോചിച്ചു.
ബുഷ് കുടുംബത്തിനും രാഷ്ട്രത്തിനും നല്‍കിയ സമര്‍പ്പണത്തിന്റെയും സംഭാവനകളുടെയും പേരില്‍ അവര്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് സന്ദേശത്തില്‍ ട്രംപ് പറഞ്ഞു. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമയും ബില്‍ ക്ലിന്റനും അനുശോചനം രേഖപ്പെടുത്തി. 1941ല്‍ കണക്ടിക്കട്ടിലെ ഒരു ക്രിസ്മസ് വിരുന്നിലാണ് സീനിയര്‍ ബുഷും ബാര്‍ബറയും പരിചയപ്പെട്ടത്. ആ പരിചയം പ്രണയമായി മാറി.
1942 ജനുവരിയില്‍ ഇരുവരും വിവാഹിതരായി. ഇക്കഴിഞ്ഞ ജനുവരിയിലാണ് അവര്‍ വിവാഹത്തിന്റെ 73-ാം വാര്‍ഷികം ആഘോഷിച്ചത്. പ്രഥമ വനിത എന്നതിനപ്പുറം അമേരിക്കന്‍ ജനതയുടെ മനസില്‍ ഇടംപിടിക്കാന്‍ ബാര്‍ബറക്ക് സാധിച്ചു. ബാര്‍ബറ ബുഷ് ഫൗണ്ടേഷന്‍ ഫോര്‍ ഫാമിലി ലിറ്ററസിയാണ് അവരെ ഏറെ ജനപ്രിയയാക്കിയത്. ദരിദ്ര കുടുംബങ്ങളിലെ മുതിര്‍ന്നവരെയും കുട്ടികളെയും എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു സംഘടനയുടെ ലക്ഷ്യം. പൗരാവകാശങ്ങള്‍ക്കുവേണ്ടി പോരാടിയ ബാര്‍ബറ പലപ്പോഴും ജോര്‍ജ് ബുഷ് സീനയറിന്റെ സ്വന്തം പാര്‍ട്ടിക്കുപോലും തലവേദന സൃഷ്ടിച്ചു. യഥാസ്ഥിതിക റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായാണ് ബാര്‍ബറ പലപ്പോഴും നീങ്ങിയത്. ഗര്‍ഭഛിദ്രം പോലുള്ള വിഷയങ്ങളില്‍ ഉദാര നിലപാട് സ്വീകരിച്ച അവര്‍ ലിംഗ സമത്വത്തിനുവേണ്ടിയും വാദിച്ചു.