വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്.എഫ്.ഐ. നേതാവ് നിഖില്‍ തോമസിനെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ ജൂണ്‍ 27ന് കോടതി പരിഗണിക്കും. ഇതിനുമുന്‍പായി 26ന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ 14 ദിവസം പൊലീസ് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിഭാഗം ഇതിനെ എതിര്‍ത്തു. കസ്റ്റഡി 2 ദിവസത്തേക്ക് മതിയെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. തുടര്‍ന്നാണ് പ്രതിയെ ഏഴുദിവസം കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടത്.
നിഖില്‍ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്ഥാപനം, നിഖില്‍ പഠിച്ചിരുന്ന കായംകുളം എം.എസ്.എം. കോളേജ്, കേരള സര്‍വകലാശാല, കോഴിക്കോട്ട് ഒളിവില്‍ കഴിഞ്ഞ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതിനാല്‍ പതിനാല് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.