ന്യൂഡല്‍ഹി: പഞ്ചാബില്‍ ബി.ജെ.പിയില്‍ കൂട്ടരാജി. ബി.ജെ.പി നേതാവും പഞ്ചാബിലെ മുന്‍ മന്ത്രിയുടെ മകനുമായ ചൗധരി മോഹന്‍ ലാല്‍ ബംഗ ബി.ജെ.പി വിട്ട് ബി.എസ്.പിയില്‍ ചേര്‍ന്നു. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ദളിത് വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് മുന്‍ എം.എല്‍.എയായ ചൗധരി പാര്‍ട്ടി വിട്ടത്. ചൗധരിയെ കൂടാതെ ബി.ജെ.പിയില്‍ ബ്ലോക് സമിതി ചെയര്‍മാന്‍ ബല്‍വീന്ദര്‍ റാം, ബ്ലോക് സമിതി അംഗം ജസ്‌വീന്ദര്‍ കൗര്‍, മെഹ്‌ലിയാന ഗ്രാമത്തിന്റെ മുന്‍ സര്‍പ്പഞ്ച് സുരീന്ദര്‍ സിംഗ് എന്നിവരാണ് ചൗധരിക്കൊപ്പം പാര്‍്ട്ടിവിട്ട് ബി.എസ്.പി ക്യാമ്പിലെത്തിയത്്.
കേന്ദ്ര സര്‍ക്കാറിന്റെ ദളിത് വിരുദ്ധതയില്‍ അസ്വസ്ഥനായാണ് താന്‍ പാര്‍ട്ടി വിട്ടത്. എസ്.സി എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ത്തതാണ് മോദിയുടെ ഏറ്റവും ഒടുവിലത്തെ ദളിത് വിരുദ്ധ നടപടി. ഇങ്ങനെ നിലപാടുള്ള പാര്‍ട്ടിയുമായി ഇനി സഹകരിക്കാനാകില്ല. അതിനിലാണ് പാര്‍ട്ടി വിട്ടത് ചൗധരി പറഞ്ഞു.
അകാലിദള്‍ എം.എല്‍.എയായി ബാംഗ മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചൗധരി 1997 മുതല്‍ 2007വരെ നിയമസഭാംഗമായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് ചൗധരി സ്വര്‍ണ റാം ബി.ജെ.പി നേതാവും പഞ്ചാബിലെ മുന്‍ മന്ത്രിയുമായിരുന്നു. പഞ്ചാബ് പബ്ലിക് സര്‍വീസ് കമ്മിഷന്‍ അംഗമായിരുന്ന ചൗധരി 2015ലാണ് സ്ഥാനം രാജിവച്ച് ബി.ജെ.പിയില്‍ ചേരുന്നത്.
ദളിത് വിരുദ്ധ നിലപാട് സ്വീകരിക്കുന്ന മോദി സര്‍ക്കാറിനേറ്റ കനത്ത പ്രഹരമാണ് ചൗധരിയുടെ രാജിയെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. വരും ദിവസങ്ങളില്‍ പഞ്ചാബില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന ഭീതിയും ബി.ജെ.പിക്കുണ്ട്.