വാജ്‌പേയിക്ക് സ്മൃതിസ്ഥലില്‍ രാജ്യത്തിന്റെ യാത്രാമൊഴി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിക്ക് ഔദ്യോഗിക ബഹുമതികളോടെ രാജ്യത്തിന്റെ യാത്രാമൊഴി. യമുനാ തീരത്തെ സ്മൃതിസ്ഥലില്‍ വൈകുന്നേരം അഞ്ചു മണിയോടെയാണ് വാജ്‌പേയിയുടെ ഭൗതികശരീരം അഗ്‌നി ഏറ്റുവാങ്ങിയത്. വാജ്‌പേയിയുടെ വളര്‍ത്തുമകള്‍ നമിത ഭട്ടാചാര്യയാണ് ചിതയ്ക്കു തീകൊളുത്തിയത്. രാവിലെ ഒന്‍പതു മുതല്‍ ബിജെപി ആസ്ഥാനത്തു പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹത്തില്‍ ആയിരക്കണക്കിനു പേരാണ് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. പൊതുദര്‍ശനത്തിനുശേഷം ഭൗതികദേഹം സംസ്‌കാര സ്ഥലമായ യമുനാതീരത്തെ സ്മൃതിസ്ഥലിലേക്കു വിലാപയാത്രയായി കൊണ്ടുവന്നു. മതപരമായ കര്‍മങ്ങള്‍ക്കുശേഷമായിരുന്നു സംസ്‌കാരം.

ഡല്‍ഹി എയിംസില്‍ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 93 വയസ്സായിരുന്നു. അസുഖബാധിതനായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇരു വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം തീര്‍ത്തും മോശമായിരുന്നു. കഴിഞ്ഞ ജൂണ്‍ 11നാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
കവിയും വാഗ്മിയും പത്രപ്രവര്‍ത്തകനുമായിരുന്ന വാജ്‌പേയി മൂന്ന് തവണ ഇന്ത്യന്‍ പ്രധാനമന്ത്രിയായിട്ടുണ്ട്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസ്സുകാരനല്ലാത്ത പ്രധാനമന്ത്രിയാണ് വാജ്‌പേയി.

ഭാരതീയ ജനസംഘത്തിന്റെയും ജനതാ പാര്‍ട്ടിയുടെയും സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. 1980-86 കാലയളവില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രസിഡന്റായിരുന്നു. ഒന്‍പതു തവണ ലോക്‌സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1977ലെ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു. ഭാരതരത്‌ന (2014), പത്മ വിഭൂഷണ്‍ (1992) എന്നീ അംഗീകാരങ്ങളിലൂടെ രാജ്യം ആദരിച്ചിട്ടുണ്ട്. അവിവാഹിതനായിരുന്നു.
ബിജെപിയുടെ ഏറ്റവും വലിയ മതേതരമുഖമെന്നും ചീത്തപാര്‍ട്ടിയിലെ നല്ല മനുഷ്യന്‍ എന്നും വാജ്‌പേയി അറിയപ്പെട്ടു. എന്നാല്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുകൂടിയായിരുന്നു ആ വ്യക്തിത്വം. 1983ല്‍ അസമില്‍ 4000ത്തോളം മുസ്‌ലിംകള്‍ കൊല്ലപ്പെട്ട കലാപത്തിന് കാരണമായത് അദ്ദേഹത്തിന്റെ ഒരു പ്രഭാഷണമാണെന്ന് വിമര്‍ശനമുണ്ട്. ഗാന്ധി വധക്കേസിലെ പ്രതിയായിരുന്ന സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്റിന്റെ ചുവരില്‍ തൂക്കിയത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്‌മെ ഖേസര്‍ നാമ്‌ഗെയില്‍ വാങ്ചുക്, ശ്രീലങ്ക വിദേശകാര്യമന്ത്രി ലക്ഷ്മണ്‍ കിരിയേല, അഫ്ഗാനിസ്താന്‍ മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, നേപ്പാള്‍ വിദേശകാര്യമന്ത്രി പ്രദീപ് കുമാര്‍ ഗ്യാവലി, പാക്കിസ്താന്‍ നിയമമന്ത്രി അലി സഫര്‍, ഗവര്‍ണര്‍മാര്‍, വിവിധ നേതാക്കള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

chandrika:
whatsapp
line