X
    Categories: indiaNews

ഹാത്രസില്‍ ഇന്നും പൊലീസ് ഭീകരത; മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്ന ആര്‍.എല്‍.ഡി നേതാവിന് ക്രൂര മര്‍ദ്ദനം

ലക്‌നൗ: ഹാത്രസില്‍ കൂട്ടബലാല്‍സംഗത്തിനിരയായ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതിക്കായി നിരത്തിലിറങ്ങിയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ ഇന്നും യുപിയില്‍ പൊലീസ് ഭീകരത. പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിവീശലിന്റെ മറവില്‍ മുന്‍ എംപിയും ആര്‍എല്‍ഡി നേതാവുമായി ജയന്ത് ചൗധരിയെ റോഡില്‍ ക്രൂരമായാണ് യുപി പൊലീസ് കൈകാര്യം ചെയ്തത്. സമാധാനമായി സമാജ്‌വാദി പാര്‍ട്ടി, ആര്‍.എല്‍.ഡി പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കവെയാണ് യുപി പൊലീസ് ലാത്തിവീശിയത്.

എന്നാല്‍ റോഡിന് മറുവശത്തായി മാധ്യമങ്ങളുമായി സംവദിക്കുന്ന ആര്‍എല്‍ഡി നേതാവിനെതിരെ യുപി പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായ ലാത്തിവീശുകയായിരുന്നു. നേതാക്കളാണെന്ന കാര്യം പൊലാസുകാരോട് വ്യക്തമാക്കിയിട്ടും ഗുണ്ടകളെ പോലെയാണ് തങ്ങളോട് പെരുമാറിയതെന്ന് മുതിര്‍ന്ന നേതാവ് അജിത് സിങ്ങിന്റെ മകന്‍ കൂടിയായ ജയന്ത് ചൗധരി പ്രതികരിച്ചു. ലാത്തിവീശലിനിടെ കുതറിഓടിയ മാധ്യമപ്രവര്‍ത്തകയെ അടിക്കാനും പൊലീസ് ശ്രമിച്ചു. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അതേസമയം, ഇവര്‍ പിന്നീട് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.

നേരത്തെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും കുടുംബത്തെ സന്ദര്‍ശിച്ചു. പൊലീസ് അനുമതി നിഷേധിച്ചതോടെ കാല്‍നടയായാണ് ആസാദ് ഗ്രാമത്തിലെത്തിയത്. കുടുംബാംഗങ്ങളെ നേരില്‍ കണ്ട ഭീം ആര്‍മി തലവന്‍, അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കുടുംബാംഗങ്ങളെ കണ്ടതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പെണ്‍കുട്ടിയുടെ കുടുംബം ഇവിടെ സുരക്ഷിതരല്ല. അവര്‍ക്ക് വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തണം. സുരക്ഷ നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരെ ഞാന്‍ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും, ആസാദ് പറഞ്ഞു. നടി കങ്കണക്ക് വരെ വൈ പ്ലസ് സുരക്ഷയുണ്ട് പിന്നെന്തുകൊണ്ട് ഇവര്‍ക്ക് പാടിലെന്നും ആസാദ് ചോദിച്ചു. കേസന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ കേസിലെ പ്രതികള്‍ക്കായി ഉന്നത സമുദായത്തില്‍പ്പെട്ടവര്‍ ഹാത്രസില്‍ ബി.ജെ.പി മുന്‍ എം.എല്‍.എയുടെ വീട്ടില്‍ യോഗം സംഘടിപ്പിച്ചു.

 

 

chandrika: