X

മുന്‍ എം.എല്‍.എയും മുസ്‌ലിംലീഗ് നേതാവുമായ പണാറത്ത് കുഞ്ഞിമുഹമ്മദ് അന്തരിച്ചു

നാദാപുരം: രാഷ്ട്രീയത്തിലെ ചടുലനീക്കങ്ങള്‍കൊണ്ടും സംഘാടനമികവുകൊണ്ടും നാദാപുരത്തെ നിറസാന്നിധ്യമായിരുന്നു പണാറത്ത് എന്ന പണാറത്ത് കുഞ്ഞിമുഹമ്മദ് ഓര്‍മയായി. മുന്‍ നിയമസഭ അംഗവും മുസ്‌ലിം ലീഗിന്റെ തലമുതിര്‍ന്ന നേതാവുമായിരുന്നു.

ഹൈസ്‌കൂള്‍ പഠനകാലത്ത് എം.എസ്.എഫ് പ്രസ്ഥാനത്തിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെപ്പ്. കുറഞ്ഞകാലം സോഷ്യലിസ്റ്റ്ചിന്താഗതി പുലര്‍ത്തിയ അദ്ദേഹം പിന്നീട് മുസ്‌ലിം ലീഗിന്റെ അടിയുറച്ച പോരാളിയായി. നീണ്ട 30 വര്‍ഷം നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സ്ഥാനവും രണ്ടുവര്‍ഷം വടകര താലൂക്ക് പ്രസിഡന്റിന്റെ ചുമതലയും വഹിച്ചു. നിലവില്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. 1965ല്‍ നാദാപുരം മണ്ഡലത്തില്‍ ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചുവെങ്കിലും സി.പി.എമ്മിലെ സി.എച്ച്. കണാരനോട് പരാജയപ്പെട്ടു. 1977ല്‍ മേപ്പയൂരില്‍ അഖിലേന്ത്യാ ലീഗിലെ എ.വി. അബ്ദുറഹ്മാന്‍ ഹാജിയെ പരാജയപ്പെടുത്തി എം.എല്‍.എ ആയി.

സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ എടച്ചേരി ഗ്രാമപഞ്ചായത്തില്‍ 12 വര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനവും രണ്ടുവര്‍ഷം പ്രസിഡന്റ് സ്ഥാനവും വഹിച്ച അപൂര്‍വനേട്ടവും പണാറത്തിനുണ്ട്. എണ്‍പതുകളില്‍ രാഷ്ട്രീയ സംഘര്‍ഷഭൂമിയായി മാറിയ നാദാപുരത്ത് സമാധാനത്തിന്റെ ദൂതുമായി ഇറങ്ങിയ പണാറത്തിനെപ്പോലുള്ളവരുടെ ഇടപെടലുകള്‍ ഏറെ ഗുണം ചെയ്തിരുന്നു.

കുറച്ച് കാലമായി അസുഖം കാരണം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 11മണിക്ക് എടച്ചേരി നെല്ലൂര്‍ പള്ളിക്ക് സമീപമുള്ള മദ്‌റസയില്‍ നിര്‍വഹിക്കും.

 

webdesk11: