കുംഭമേളയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി മുന്‍ മിസ് ഇന്ത്യ

കുംഭമേളയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗവുമായി മുന്‍ മിസ് ഇന്ത്യ ഇഷിക തനേജ. ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ വ്യക്തമായി ലക്ഷ്യം വച്ചുള്ള പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ വലിയ വിവാദത്തിന് തിരി തെളിഞ്ഞിരിക്കുകയാണ്. യു.പിയിലെ പ്രയാഗ്രാജില്‍ നടന്നുകൊണ്ടിരിക്കുന്ന കുംഭമേളയില്‍ നിരവധി പ്രമുഖ ഹിന്ദു മത പുരോഹിതന്മാര്‍ പങ്കെടുത്ത ഒരു മത സമ്മേളനത്തില്‍ സംസാരിക്കവെയാണ് തനേജ വിദ്വേഷം നിറഞ്ഞ പ്രഖ്യാപനം നടത്തിയത്.

കുംഭമേളക്കിടെ മുന്‍ മിസ് ഇന്ത്യ, മുസ്ലിം വിഭാഗം മുഴുവന്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ മക്കളാണെന്ന് ആരോപിച്ചു. ഒരു നുള്ള് സിന്ദൂരം കൊണ്ട് ഹലാല, ട്രിപ്പിള്‍ തലാഖ്, ലവ് ജിഹാദ് എന്നിവയുള്‍പ്പെടെയുള്ള മുസ്ലിംകളുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളില്‍ നിന്ന് ഹിന്ദു സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുമെന്ന് അവര്‍ അവകാശപ്പെട്ടു. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വൈറല്‍ ആയത്.

‘ബാബറിന്റെ മക്കള്‍ക്ക് ഒരു നുള്ള് സിന്ദൂരത്തിന്റെ വില അറിയില്ല. ഒരു നുള്ള് സിന്ദൂരത്തിന് മുത്തലാഖ്, ലവ് ജിഹാദ് തുടങ്ങിയവയില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ സാധിക്കും,’ അവര്‍ പറഞ്ഞു. നിരവധി പ്രമുഖ ഹിന്ദു മതനേതാക്കളുടെയും ബി.ജെ.പി നേതാവും മുന്‍ നടിയുമായ ഹേമമാലിനിയുടെയും മുന്നിലാണ് ഇഷിക തനേജ തന്റെ പ്രസംഗം നടത്തിയത്. വന്‍ കരഘോഷത്തോടെയാണ് സദസ് തനേജയുടെ പ്രസംഗത്തെ സ്വീകരിച്ചത്. മുസ്ലിം വിരുദ്ധ വികാരങ്ങള്‍ സാധാരണാവത്ക്കരിക്കപ്പെടുന്നതിനുള്ള ഉദാഹരണമാണിതെന്ന് മാധ്യമങ്ങള്‍ പറഞ്ഞു.

മുസ്ലിം പുരുഷന്മാര്‍ അമുസ്ലിം സ്ത്രീകളെ വശീകരിച്ച് കെണിയില്‍ വീഴ്ത്തി ഇസ്ലാമികവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി അവരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് തീവ്ര ഹിന്ദുത്വ വാദികള്‍ ആരോപിക്കുന്നു. അതിനവര്‍ നല്‍കിയ പേരാണ് ലവ് ജിഹാദ്. വിദ്വേഷ പ്രസംഗം പുറത്തുവന്നയുടനെ, സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് നിയമപാലകര്‍ സ്വമേധയാ നടപടിയെടുക്കണമെന്ന് നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

webdesk13:
whatsapp
line