ന്യൂഡല്‍ഹി: മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ അഹമ്മദ് എംപിയുടെ മരണം മറച്ചുവെച്ച ആര്‍.എം.എല്‍. ആസ്പത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്.
ലോകസഭാ ചട്ട പ്രകാരം ആര്‍എസ്പി അംഗം എന്‍.കെ പ്രേമചന്ദ്രന്‍ എംപിയാണ് നോട്ടീസ് നല്‍കിയത്.
മരണത്തിലെ ദുരൂഹത നീക്കണമെന്നും ആസ്പത്രി അധികൃതരുടെ വീഴ്ച അന്വേഷിക്കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെടുന്നത്. 12 മണി ശൂന്യ വേളയിലാണ് നോട്ടീസിന് മേലിലുള്ള നടപടി വ്യക്തമാക്കുക. എന്നാല്‍ സഭ ആരംഭിക്കുമുന്നേ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കം.
ഇ അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നുമാണ് ആവശ്യം.
ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി ഇ. അഹമ്മദിന്റെ മരണവിവരം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആസ്പത്രിയിലെത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നുവെന്നും ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചതാണെന്നാണ് ആരോപണം. ചൊവ്വാഴ്ച മസ്‌കറ്റില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ അഹമ്മദിന്റെ മക്കളെയും മരുമകനെയും അദ്ദേഹത്തെ കാണാന്‍ സമ്മതിച്ചില്ല. ഒടുവില്‍ സംഭവം നടന്ന പാതിരാത്രിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് മരണത്തിലെ ദുരൂഹതനീങ്ങിയത്. സോണിയയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള നേതാക്കള്‍ ആസ്പത്രിയിലെത്തി ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം പുലര്‍ച്ച 2.15നാണ് മക്കള്‍ക്ക് പാതാവിനെ കാണാന്‍ സാധിച്ചത്.
ഇ. അഹമ്മദിനും കുടുംബത്തിനും ആര്‍.എം.എല്‍. ആശുപത്രിയില്‍ നേരിടേണ്ടിവന്ന സാഹചര്യം സംബന്ധിച്ച് രാജ്യത്തോടും ജനങ്ങളോടും വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.