ഐ.എസ്.എല്‍ ആഴ്ചകള്‍ മാത്രം അകലെ നില്‍ക്കെ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് ഒരു പ്രമുഖന്‍ കൂടി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി ആറ് വര്‍ഷത്തോളം കളിച്ച പ്രതിരോധ താരം വെസ് ബ്രൗണ്‍ ആണ് മഞ്ഞയില്‍ കളിച്ചാടാനെത്തുന്നത്. ഇംഗ്ലീഷ് ക്ലബ്ബ് ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സില്‍ നിന്നാണ് 37-കാരന്റെ വരവ്.
ഇംഗ്ലണ്ടിനു വേണ്ടി 23 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബ്രൗണ്‍ ഇന്ത്യക്കാര്‍ക്ക് സ്വാതന്ത്ര്യദിനം ആശംസിച്ചു കൊണ്ടാണ് ട്വിറ്ററിലൂടെ തന്റെ കൂടുമാറ്റം സ്ഥിരീകരിച്ചത്. ‘ഹലോ ഇന്ത്യ. സ്വാതന്ത്രദിനാശംസകള്‍. ആവേശകരമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കാന്‍ ഞാന്‍ വരുന്നു’ – ബ്രൗണ്‍ ട്വിറ്ററില്‍ കുറിച്ചു.
ലോകത്തെ ഏറ്റവും മികച്ച ആരാധകര്‍ക്കു മുന്നില്‍ കളിക്കാന്‍ താന്‍ കാത്തിരിക്കുകയാണെന്നും ബ്രൗണ്‍ ട്വീറ്റ് ചെയ്തു.
കൊച്ചി ആസ്ഥാനമായുള്ള ടീമിനു വേണ്ടി കളിക്കാനെത്തുന്ന ബ്രൗണിനെ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സി.കെ വിനീത് സ്വാഗതം ചെയ്തു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡ് ബഹളമയമാണെന്ന് കരുതിയിട്ടുണ്ടെങ്കില്‍ കേരളത്തിലെ മഞ്ഞക്കടല്‍ കാണും വരെ കാത്തിരിക്കുക എന്നായിരുന്നു വിനീതിന്റെ ട്വീറ്റ്. പല തവണ പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും നേടിയ താരത്തിനൊപ്പം ഡ്രസ്സിങ് റൂം പങ്കിടാന്‍ കഴിയുക എന്നത് വലിയ ബഹുമതിയാണെന്നും സീസണ്‍ തുടങ്ങാന്‍ കാത്തിരിക്കുകയാണെന്നും വിനീത് ട്വീറ്റ് ചെയ്തു.