X
    Categories: indiaNews

മുൻ മാനേജരുടെ കൊലപാതകം: ആൾദൈവം ഗുർമീത്​ റാം റഹിം അടക്കം 4 പേരെ വെറുതേവിട്ടു

മുൻ മാനേജർ കൊല്ലപ്പെട്ട കേസിൽ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആൾദൈവവുമായ ഗുർമീത്​ റാം റഹിം സിങ് അടക്കം നാലു പേരെ വെറുതേവിട്ടു. പഞ്ചാബ്-ഹരിനായ ഹൈകോടതിയാണ് അപ്പീൽ ഹരജിയിൽ വിധി പുറപ്പെടുവിച്ചത്. 2002ൽ മുൻ മാനേജർ രഞ്ജിത് സിങ് കൊലപ്പെട്ട കേസിൽ ഗുർമീത്​ റാം റഹിമിനെ ജീവപര്യന്തം തടവിന് സി.ബി.ഐ കോടതി ശിക്ഷിച്ചിരുന്നു. കോടതി വിധിക്കെതിരെ ഗുർമീത് ഹൈകോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.

പ്രതികളായ അവതാർ സിങ്, കൃഷൻ ലാൽ, ജസ്ബീർ സിങ്, സാബ്ദിൽ സിങ് എന്നിവരെയാണ് ഗുർമീതിനൊപ്പം ഹൈകോടതി കുറ്റവിമുക്തരാക്കിയത്. പ്രതികളിൽ ഒരാൾ വിചാരണ നടക്കുമ്പോൾ മരണപ്പെട്ടിരുന്നു.

2002 ജൂലൈ പത്തിനാണ് ഗുർമീതിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ​രഞ്​ജിത്​ സിങ്ങിനെ നാലു പേർ ചേർന്ന് വെടിവെച്ച്​ കൊലപ്പെടുത്തിയത്. 2019ൽ ദേര മുൻ മാനേജർ രഞ്ജിത് സിങ്, പത്രപ്രവർത്തകനായ രാമച​ന്ദ്ര ഛത്രപതി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഗുർമീത് കുറ്റക്കാരനെന്ന് പഞ്ച്​ഗുള സി.ബി.ഐ കോടതി കണ്ടെത്തി.

2021 ഒക്ടോബർ 18ന് കേസിൽ ആൾദൈവത്തിനും പ്രതികളായ മറ്റ് നാലു പേർക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കൂടാതെ, 31 ലക്ഷം രൂപ പിഴയും ചുമത്തി. ദേര ആശ്രമത്തിൽ സ്​ത്രീകളെ ​ബലാത്സംഗത്തിന്​ ഇരയാക്കുന്നുവെന്ന അജ്ഞാത കത്ത്​ പത്രപ്രവർത്തകനായ രാമച​ന്ദ്ര ഛത്രപതി പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്. ശിക്ഷാവിധിക്കെതിരായ ഗുർമീതിന്‍റെ അപ്പീൽ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്.

തന്‍റെ അനുയായികളായ രണ്ട്​ സ്ത്രീകളെ ബലാത്സംഗം ചെയ്​തുവെന്ന കുറ്റത്തിൽ 20 വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്​ ആൾദൈവം. 2017 ​ആഗസ്റ്റിലാണ്​ സി.ബി.ഐ കോടതി ബലാത്സംഗകേസിൽ ഗുർമീത്​ കുറ്റക്കാരനാണെന്ന്​ കണ്ടെത്തി ശിക്ഷ വിധിച്ചത്​.

webdesk13: