മുൻ കേരള രഞ്ജി താരം ആർ. രഘുനാഥ് അന്തരിച്ചു

പാലക്കാട്: മുന്‍ രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ആര്‍. രഘുനാഥ് (88) അന്തരിച്ചു. 1958ല്‍ ആദ്യമായി പാലക്കാട്ട് രഞ്ജി ട്രോഫി ക്രിക്കറ്റ് നടക്കുമ്പോള്‍ കേരളത്തിന്റെ ഓപ്പണറായിരുന്നു രഘുനാഥ്. വിക്ടോറിയ കോളജ് മൈതാനത്ത് മൈസൂരിനെതിരേ ഓപ്പണ്‍ ചെയ്ത് അവസാനംവരെ പുറത്താകാതെനിന്ന് റെക്കോഡ് സ്ഥാപിച്ച (68 റണ്‍സ് നോട്ടൗട്ട്) കേരളത്തിന്റെ പ്രഥമതാരമാണ്. 17 മത്സരങ്ങളിലായി 30 ഇന്നിങ്‌സുകളില്‍ സംസ്ഥാനത്തിനുവേണ്ടി ബാറ്റേന്തി. കേരളത്തിന്റെയും ദക്ഷിണമേഖലയുടെയും വിവിധ വിഭാഗം ടീമുകളുടെ സെലക്ടറായിരുന്നു.

വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹം വൈകീട്ട് പാലക്കാട്ട് കെ.എസ്.ആര്‍.ടി.സിക്കടുത്ത് ഡി.പി.ഒ റോഡിലെ ‘റിട്രീറ്റ്’ വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം നാളെ ഉച്ച ഒരുമണിക്ക് പാലക്കാട് ചന്ദ്രനഗര്‍ വൈദ്യുത ശ്മശാനത്തില്‍.

webdesk14:
whatsapp
line