ജാംനഗര്‍: മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവുശിക്ഷ. 30 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡി മരണത്തില്‍ ജാംനഗര്‍ കോടതിയാണ് സഞ്ജീവ് ഭട്ടിനും മറ്റൊരു പൊലീസുകാരനായ പ്രവീണ്‍ സിംഗ് ജാലക്കുമെതിരെ ശിക്ഷ വിധിച്ചത്. കേസില്‍ പുതിയ 11 സാക്ഷികളെ വിസ്തരിക്കാന്‍ അനുവാദം നല്‍കരുതെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നല്‍കിയ ഹര്‍ജി കഴിഞ്ഞ ആഴ്ച്ച സുപ്രീം കോടതി തള്ളിയിരുന്നു.
സംഭവം നടക്കുമ്പോള്‍ ജാംനഗര്‍ എ.എസ്.പിയായിരുന്നു സഞ്ജീവ് ഭട്ട്. നഗരത്തില്‍ വര്‍ഗീയ ലഹള നടക്കുന്ന സമയം 150 ഓളെ പേരെ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്തെന്നും അതില്‍ ഒരാള്‍ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച ശേഷം ആസ്പത്രിയില്‍വച്ച് മരിച്ചെന്നുമാണ് കേസ്. പ്രഭുദാസ് വൈഷ്‌നനി എന്നയാളാണ് വൃക്ക പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മരിച്ചത്. സഞ്ജീവ് ഭട്ട് മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ പരാതി നല്‍കി. തുടര്‍ന്ന് സഞ്ജീവ് ഭട്ടിനും മറ്റ് ആറു പൊലീസുകാര്‍ക്കുമെതിരെ കേസ് എടുത്തു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കെതിരെ ഗുജറാത്ത് കലാപക്കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ് ഭട്ട്. മോദിക്കെതിരെ സുപ്രീം കോടതിയില്‍ സഞ്ജീവ് ഭട്ട് സത്യവാങ് മൂലം നല്‍കിയിരുന്നു. സര്‍വീസില്‍നിന്ന് ഒഴിവാക്കിയ ശേഷവും മോദിക്കും ബിജെപിക്കുമെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.