മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പ്രബോധ് ടിര്‍ക്കി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒഡീഷയിലെ ഭുവനേശ്വറിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം നേടിയത്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് അംഗത്വം നേടിയ ശേഷം അദ്ദേഹം പറഞ്ഞു.
ഒഡീഷ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശരത് പട്നായിക്, സംസ്ഥാന ഇന്‍ചാര്‍ജ് എ ചെല്ല കുമാര്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ടിര്‍ക്കി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെ, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോത്രവര്‍ഗക്കാരുടെ ആധിപത്യമുള്ള സുന്ദര്‍ഗഡ് ജില്ലയിലെ തല്‍സറ സീറ്റില്‍ നിന്ന് മത്സരിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു.
രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം തന്നെ വളരെയധികം സ്വാധീനിച്ചെന്നും അതിനാലാണ് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചതെന്നും ടിര്‍ക്കി പറഞ്ഞു. തന്റെ കുടുംബത്തിന് കോണ്‍ഗ്രസുമായി ദീര്‍ഘകാല ബന്ധമുണ്ട്. ആദിവാസി സമൂഹത്തിന് സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് ഒരു പ്രയോജനവും ലഭിക്കുന്നില്ലെന്നും തല്‍സറ പ്രദേശത്തെ ജനങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
2000-ല്‍ ജൂനിയര്‍ ഏഷ്യാ കപ്പിലാണ് പ്രബോധ് ടിര്‍ക്കി അരങ്ങേറ്റം കുറിച്ചത്. സബ് ജൂനിയര്‍, ജൂനിയര്‍, ഇന്ത്യ-എ ടീമുകളുടെ ദേശീയ ക്യാപ്റ്റനായിരുന്ന അദ്ദേഹം ഒടുവില്‍ ഇന്ത്യന്‍ സീനിയര്‍ ടീം ക്യാപ്റ്റനായി. രാജ്യത്തിനുവേണ്ടി 135 അന്താരാഷ്ട്ര മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.