മുൻ ഫുട്ബാൾ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി (79) അന്തരിച്ചു. അർബുദബാധിതനായി ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. സർവീസസ്, ഗോവ, മഹാരാഷ്ട്ര ടീമുകൾക്കായി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
മോഹൻബഗാൻ, എഫ്.സി കൊച്ചിൻ, ഡെംപോ ഗോവ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ ക്ലബുകളേയും കേരള പൊലീസിനേയും അദ്ദേഹം പരിശീലിപ്പിച്ചു. 15 വർഷം നീണ്ടുനിന്നതായിരുന്നു ടി.കെ ചാത്തുണ്ണിയുടെ കളിക്കാരനെന്ന നിലയി ഫുട്ബാൾ ജീവിതം. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലുമായി മികച്ച ക്ലബുകളുടെ കളിക്കാരനായും അദ്ദേഹം മാറി.
കളിക്കാരനെന്ന നിലയിൽ നേടാതെ പോയ കിരീടങ്ങൾ പോലും പരിശീലക കുപ്പായത്തിൽ ടി.കെ ചാത്തുണ്ണി നേടിയിട്ടുണ്ട്. കേരള പൊലീസ് ചരിത്രത്തിലാദ്യമായി ഫെഡറേഷൻ കപ്പ് നേടുമ്പോൾ പരിശീലകനായിരുന്നു അദ്ദേഹം.
എന്നാൽ, ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പരിശീലക കുപ്പായം അണിയാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഐ.എം വിജയൻ അടക്കമുള്ള ലോകോത്തര താരങ്ങളെ വാർത്തെടുക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു. ഫുട്ബാൾ മൈ സോൾ എന്ന പേരിൽ ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.