X

മുന്‍ വിദേശകാര്യമന്ത്രി കെ. നട്‍വർ സിംഗ് (93) അന്തരിച്ചു

മുൻ വിദേശകാര്യ മന്ത്രി കെ. നട്‍വർ സിംഗ് (93) അന്തരിച്ചു. അസുഖബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഹരിയാന ഗുരുഗ്രാമിലെ ആശുപത്രിയില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.

മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന 2004-2005 കാലത്ത് വിദേശകാര്യ മന്ത്രിയായിരുന്നു. 1985-86 കാലഘട്ടത്തിൽ രാജീവ് ഗാന്ധി സർക്കാറിൽ ഇരുമ്പുരുക്ക്, ഖനി, കാർഷിക വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിരുന്നു. പിന്നീട് 1986 മുതൽ 89 വരെ വിദേശകാര്യ സഹമന്ത്രിയായും പ്രവർത്തിച്ചു. 1931-ൽ രാജസ്ഥാനിലെ ഭരത്പൂരിലാണ് നട്‍വർ സിംഗിന്‍റെ ജനനം.

വിദേശകാര്യ സർവീസിൽ നയതന്ത്രജ്ഞനായിരുന്ന അദ്ദേഹം പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. യുകെയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായും സാംബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായും പ്രവർത്തിച്ചു. ഇന്ത്യ-പാക് ബന്ധം നിർണായകമായ 1980-82 കാലത്ത് പാകിസ്താനിലെ ഇന്ത്യൻ അംബാസഡറായിരുന്നു.

ദ ലെഗസി ഓഫ് നെഹ്‌റു: എ മെമ്മോറിയൽ ട്രിബ്യൂട്ട്, മൈ ചൈന ഡയറി 1956-88, വൺ ലൈഫ് ഈസ് നോട്ട് ഇനഫ് (ആത്മകഥ) തുടങ്ങി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1984-ൽ പത്മഭൂഷൺ ലഭിച്ചു. പദ്മവിഭൂഷൺ പുരസ്കാരം നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

webdesk13: