X

മോദി 2.0 കാലത്ത് ഇന്ത്യ സാക്ഷ്യം വഹിച്ചത് 30 വര്‍ഷത്തിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കെന്ന് മുന്‍ ധനകാര്യ സെക്രട്ടറി

രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണകാലം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കുള്ള കാലയളവായിരുന്നെന്ന് മുന്‍ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 വരെയുള്ള കണക്കുകള്‍ പുറത്തുവന്നിട്ടുണ്ടെന്നും വളര്‍ച്ചയിലുണ്ടായ ഈ കുറവ് കണക്കുകളില്‍ വ്യക്തമാണെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലയളവിലെ അവസാന സാമ്പത്തിക വര്‍ഷത്തിലെ സമ്പദ്വ്യവസ്ഥയുടെ വലിപ്പവും ഇപ്പോഴത്തെ സമ്പദ്വ്യവസ്ഥയുടെ വലിപ്പവും താരതമ്യം ചെയ്താണ് അഞ്ച് വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ദി പ്രിന്റ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് ചില സുപ്രധാന നിരീക്ഷണങ്ങള്‍ മുന്നോട്ടുവച്ചത്.

ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു സുഭാഷ് ചന്ദ്ര ഗാര്‍ഗ്. ജൂലൈ 2017 മുതല്‍ 2019 വരെ അദ്ദേഹം സാമ്പത്തികകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന കാലത്ത് അദ്ദേഹം ധനകാര്യ സെക്രട്ടറിയാകുകയും ചെയ്തു. രണ്ടാം മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം കൊണ്ടുണ്ടായ സാമ്പത്തിക വളര്‍ച്ച 4.41 ശതമാനമാണെന്ന് ഗാര്‍ഗ് പറയുന്നു. 1991ലെ പരിഷ്‌കാരങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ ചരിത്രത്തില്‍ അഞ്ച് വര്‍ഷക്കാലം കൊണ്ടുണ്ടാകുന്ന ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018-19 മുതല്‍ 2023- 24 വരെയുള്ള ഇന്ത്യയുടെ കോംപൗണ്ടഡ് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 4.2 ശതമാനമാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.1 നിരക്കിലാണെന്നും വാര്‍ഷികാടിസ്ഥാനത്തിലെ വളര്‍ച്ച 7.2 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു.

കേന്ദ്രഫണ്ട് വെട്ടിക്കുറച്ചെന്ന് ആരോപിച്ച് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആക്ഷേങ്ങളുമായി ബന്ധപ്പെട്ടും അഭിമുഖത്തില്‍ അദ്ദേഹം കുറച്ച് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തി. 15-ാം ധനകാര്യ കമ്മിഷന്‍ കേരളം, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ വിഹിതം കുറച്ചത് എന്തിനെന്ന് വിശദമായി ചര്‍ച്ചചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ണാടകയുടെ വിഹിതം പതിനാലാം ധനകാര്യ കമ്മീഷനില്‍ നിര്‍ദ്ദേശിച്ച 4.71 ശതമാനത്തില്‍ നിന്ന് 15-ാം ധനകാര്യ കമ്മിഷന്‍ 3.65 ശതമാനമായി കുറച്ചു. തമിഴ്‌നാടിന്റെ വിഹിതം ഇതേ കാലയളവില്‍ 4.02 ശതമാനത്തില്‍ നിന്ന് 4.08 ശതമാനമായി നേരിയ തോതില്‍ വര്‍ധിച്ചു. അതേസമയം കേരളത്തിന്റെ വിഹിതം കര്‍ണാടകയുടേത് പോലെതന്നെ 2.5 ശതമാനത്തില്‍ നിന്ന് 1.92 ശതമാനത്തിലേക്ക് കേന്ദ്രം വെട്ടിക്കുറച്ചെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് ചൂണ്ടിക്കാട്ടി.

webdesk13: