തിരുവമ്പാടി മുന്‍ സി.പി.എം എം.എല്‍.എ ജോര്‍ജ് എം. തോമസ് കൈവശ വെച്ച 5.75 ഏക്കര്‍ കണ്ടുകെട്ടാന്‍ ഉത്തരവ്. മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡാണ് ഉത്തരവിട്ടത്. അതേസമയം, വീടുള്‍പ്പെടുന്ന 35 സെന്റ് സ്ഥലം കണ്ടുകെട്ടുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.
ജോര്‍ജിന്റെ സഹോദരന്‍ കൈവശം വച്ച ആറേക്കര്‍ തിരിച്ചേല്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. 2001ല്‍ അഗസ്റ്റിന്‍ എന്നയാളുടെ പേരില്‍ ജോര്‍ജ് എം. തോമസ് എഴുതി നല്‍കിയ ഒരേക്കര്‍ ഭൂമി തന്നെയാണ് 21 വര്‍ഷത്തിനു ശേഷം ഭാര്യ ആനീസ് ജോര്‍ജിന്റെ പേരില്‍ വാങ്ങിയതെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു. മിച്ചഭൂമിയെന്ന് നേരത്തേ സ്ഥിരീകരിച്ച വസ്തുവില്‍ ഇരുനില വീട് നിര്‍മിക്കുന്നതായും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ജോര്‍ജ് എം. തോമസിനെതിരേ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും വിധി നടപ്പാക്കാത്തതിനെ തുടര്‍ന്ന് ലാന്‍ഡ് ബോര്‍ഡ് കമീഷണര്‍ക്ക് പരാതിനല്‍കുകയായിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് കമീഷണര്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്.