കോഴിക്കോട്: താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (87)അന്തരിച്ചു. കോഴിക്കോട്
വെള്ളിമാടുകുന്നിലുള്ള സ്വകാര്യ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 13 വർഷക്കാലം താമരശ്ശേരി രൂപതയുടെ ബിഷപ്പ് ആയിരുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും വര്‍ഷമായി താമരശ്ശേരി ബിഷപ്പ് ഹൗസില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു.
1997 ലാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി ചുമതലയേല്‍ക്കുന്നത്. താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ രംഗത്തും വലിയ സംഭാവന നല്‍കിയ വ്യക്തിയായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സെക്രട്ടറി ആയിരുന്ന കാലത്ത് ബിഷപ്പ് മാർ പോൾ ചിറ്റിലപ്പള്ളിക്ക് എതിരെ നടത്തിയ നികൃഷ്ടജീവി പ്രയോഗം ഏറെ വിവാദമായിരുന്നു. 2007ൽ ഇടതു സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ പൊതുസമ്മേളനത്തിൽ മാർ പോൾ ചിറ്റിലപ്പള്ളി പ്രസംഗിച്ചതോടെ ആയിരുന്നു വിവാദത്തിന്റെ തുടക്കം. സിപിഎം എംഎല്‍എയായ മത്തായി ചാക്കോയുടെ മരണത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പിണറായി വിജയന്‍ ചിറ്റിലപ്പിള്ളിയെ നികൃഷ്ട ജീവിയെന്ന് വിശേഷിപ്പിച്ചത്.
തൃശൂര്‍ അതിരൂപതയില്‍ മറ്റം ഇടവകയില്‍ ചിറ്റിലപ്പിള്ളി ചുമ്മാര്‍-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളില്‍ ആറാമനായി 1934 ഫെബ്രുവരി 7നായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ ജനനം.
1961 ഒക്ടോബര്‍ 18ന് മാര്‍ മാത്യു കാവുകാട്ടില്‍ നിന്നു റോമില്‍ വച്ച് പൗരഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 1966 ല്‍ തിരിച്ചെത്തി ആളൂര്‍, വെള്ളാച്ചിറ എന്നീ ഇടവകകളില്‍ അസി.വികാരിയായി. 1967-1971 കാലത്ത് വടവാതൂര്‍ മേജര്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1971 ല്‍ കുണ്ടുകുളം പിതാവിന്റെ ചാന്‍സലറായി നിയമിക്കപ്പെട്ടു. 1978 മുതല്‍ 88 വരെ തൃശൂര്‍ അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. 1988 ല്‍ സീറോ-മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി കല്യാണ്‍ രൂപത സ്ഥാപിതമായപ്പോള്‍ ആ രൂപതയുടെ പ്രഥമ മെത്രാനായി നിയോഗിക്കപ്പെട്ടു. 10 വര്‍ഷത്തോളം അവിടെ ശുശ്രൂഷ ചെയ്തു. പിന്നീടാണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി സ്ഥാനമേറ്റത്.
രാത്രി 9.30ന് താമരശ്ശേരി അൽഫോൻസാ ഭവനിൽ എത്തിക്കുന്ന ഭൗതികദേഹം തിങ്കളാഴ്ച രാവിലെ 8.30 ന് താമരശ്ശേരി ബിഷപ് സിൽ വച്ചുള്ള പ്രാർത്ഥനക്ക് ശേഷം താമരശ്ശേരി കത്തീഡ്രൽ പള്ളിയിൽ പൊതു ദർശനത്തിന് വയ്ക്കും. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമ്മികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടത്തും.