ടി.കെ ഷറഫുദ്ദീന്‍
കോഴിക്കോട്: നടക്കാവ് ഗവ:ഗേള്‍സ് എച്ച്.എസ്.എസിലെ കൗമാര ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ജീവിതത്തിലെ അനര്‍ഘനിമിഷങ്ങള്‍ സമ്മാനിച്ചാണ് വ്യാഴാഴ്ച ദിനം കടന്നുപോയത്. ലോക ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫാസ്റ്റ് ബൗളര്‍ ബ്രെറ്റ്‌ലീയ്‌ക്കൊപ്പം പന്ത്തട്ടാനുള്ള ഭാഗ്യമാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിച്ചത്. ക്രിക്കറ്റിനൊപ്പം ഫുട്‌ബോളും തനിക്ക് അനായാസം വഴങ്ങുമെന്ന് തെളിയിച്ച ഓസീസ് ക്രിക്കറ്റര്‍, നടക്കാവിലെ ഗ്രൗണ്ടില്‍ ഗോളിയായും ഗോളടിച്ചും തിളങ്ങി. ചുറ്റുംകൂടിയ ആരാധകരുടെ കൈയടിയ്ക്ക് നടുവിലൂടെ ഗോള്‍പോസ്റ്റില്‍ നിലയുറപ്പിച്ച ലീ, നടക്കാവ് സ്‌കൂളിലെ കൊച്ചുമിടുക്കികള്‍ ഉതിര്‍ത്ത ഓരോ പെനാല്‍റ്റി ഷോട്ടും കൈകൊണ്ടും കാലുകൊണ്ടും തട്ടിയകറ്റി. ഗോള്‍വലചലിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മാറിമാറി കിക്കെടുത്തെങ്കിലും വിട്ടുകൊടുക്കാന്‍ മുന്‍ ഓസീസ് താരം തയാറായില്ല. ഒടുവില്‍ ടീമിലെ ഏറ്റവും ജൂനിയര്‍ താരത്തിന്റെ ഉയര്‍ത്തിയടിച്ച ഷോട്ടില്‍ ലീയുടെ പ്രതിരോധം പാളി.പത്ത് ഷോട്ട് ഉതിര്‍ത്തതില്‍ മൂന്ന് ഗോള്‍നേടാനായതിന്റെ ആശ്വാസത്തിലായിരുന്നു കായികാധ്യാപിക ഫൗസിയയുടെ കുട്ടികള്‍. ഗോളിയുടെ ഗ്ലൗസ് ഊരിമാറ്റി പെനാല്‍റ്റി സ്‌പോട്ടിലെത്തിയ ബ്രെറ്റ്‌ലീ കിടിലന്‍ഷോട്ടുകള്‍ ഉതിര്‍ത്തും കളംനിറഞ്ഞു.
കൗമാരതാരങ്ങളോട് സംവദിക്കാന്‍ സമയം കണ്ടെത്തിയ ബ്രെറ്റ്‌ലീ അവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും മറന്നില്ല. പ്രിസം പദ്ധതി നടപ്പിലാക്കിയ നടക്കാവ് സ്‌കൂളിലെ അക്കാദമിക്, കായിക സൗകര്യങ്ങള്‍ അദ്ദേഹം നടന്നുകണ്ടു. തുടര്‍ന്ന് ലീഡര്‍ഷിപ്പും സ്‌പോര്‍ട്‌സും എന്ന വിഷയത്തില്‍ ബ്രെറ്റ് ലീയും ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊള്ളോനും ഫയര്‍സൈഡ് ചാറ്റ് നടത്തി. പന്ത്ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് ടീമിനെയൊക്കാതെ ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് ബ്രെറ്റ്‌ലീ പറഞ്ഞു. ഏതാനുംചിലര്‍ ചെയ്ത തെറ്റിന് ലക്ഷക്കണക്കിനുള്ള ഓസീസുകാരെ ക്രൂഷിക്കരുത്. കായികരംഗവും വ്യവസായവും തമ്മിലുള്ള കിടമത്സരങ്ങള്‍ക്കിടെ ഇത്തരം സംഭവങ്ങളുണ്ടാകും. ഇതുപോലെയുള്ള തെറ്റായ പ്രവണതകകള്‍ മാറ്റിവെച്ച് ഭാവിയെ കുറിച്ച് ചിന്തിക്കാമെന്നും ബ്രെറ്റ്‌ലീ പറഞ്ഞു.
ഒരിക്കലും നിശ്ചയദാര്‍ഢ്യം കൈവിടരുതെന്ന പാഠമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ബ്രെറ്റ്‌ലീ അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് ലോകത്തുനിന്ന് വിരമിച്ച ശേഷം കമന്റേറ്ററായി തുടരുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊള്ളോന്‍, കെഫ് ഹോള്‍ഡിംഗ്‌സ് പ്രൊജക്റ്റ് മാനേജര്‍ സോഫിയ ഫൈസല്‍, കെഫ് ഹോള്‍ഡിംഗ്‌സ് സിഇഒ റിച്ചാര്‍ഡ് പാറ്റ്ല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജലൂഷ് കെ. എന്നിവര്‍ സംബന്ധിച്ചു.