മുസ്ലിംകള്‍ ഇന്ത്യ വിട്ട് പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നും ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് സ്ഥാനമില്ലെന്നുമുള്ള ബി.ജെ.പി നേതാവ് വിനയ് കത്യാരുടെ പ്രസ്താവനക്കെതിരെ മുന്‍ സൈനിക ഉദ്യോഗസ്ഥനും ‘ഇന്ത്യന്‍ ഡിഫന്‍സ് റിവ്യൂ’ അസോസിയേറ്റ് എഡിറ്ററുമായ ദന്‍വീര്‍ സിങ് ചൗഹാന്‍.
കത്യാറിന്റെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ താന്‍ പ്രതിഷേധിക്കുന്നുവെന്നും നിലവിലെ സ്ഥിതിഗതികളില്‍ തനിക്ക് ഏറെ ദുഃഖമുണ്ടെന്നും 9 സിഖ് ലൈറ്റ് ഇന്‍ഫാന്‍ട്രിയില്‍ മുന്‍ കമാന്‍ഡിങ് ഓഫീസറായ ദന്‍വീര്‍ സിങ് പറഞ്ഞു.
‘മുസ്ലിംകള്‍ നമ്മുടെ ഭാഗമാണ്. 15-18 കോടി ജനങ്ങളെ പാകിസ്താനിലേക്കയക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അവരും തുല്യമായ രാജ്യസ്‌നേഹികളാണ്. പാകിസ്താനികളോടും ഭീകരവാദികളോടും തുല്യ ഉത്സാഹത്തോടെ പോരാടുന്ന മുസ്ലിം സൈനികരെ ഞാന്‍ കണ്ടിട്ടുണ്ട്. അവരെപ്പറ്റി എനിക്ക് അഭിമാനമാണ്. വിനയ് കത്യാരിന്റെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ ഞാന്‍ പ്രതിഷേധിക്കുന്നു. എനിക്ക് ഏറെ ദുഃഖമുണ്ട്.’ – ദന്‍വീര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തീവ്ര വര്‍ഗീയതയില്‍ ഊന്നിയുള്ള പ്രചരണമാണ് നടത്തുക എന്നതിന്റെ സൂചന നല്‍കിയാണ് ബി.ജെ.പി എം.പി വിനയ് കത്യാര്‍ രാജ്യത്തെ മുസ്ലിംകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. മുസ്ലിംകള്‍ക്ക് അവരുടെ ഭൂമി നല്‍കിയിട്ടുണ്ടെന്നും പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നും അവര്‍ക്ക് ഇന്ത്യയില്‍ കാര്യമില്ലെന്നുമായിരുന്നു പരാമര്‍ശം.