ബെംഗളൂരു: ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ഇന്ത്യ മുന്‍ മേധാവിയും എഴുത്തുകാരനുമായ ആകര് പട്ടേലിനെ ബെംഗളുരു വിമാനത്താവളത്തില്‍ തടഞ്ഞു. യു.എസിലേക്ക് പോകാനെത്തിയ അദ്ദേഹത്തെ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് ഉണ്ടെന്ന് പറഞ്ഞാണ് തടഞ്ഞത്. യാത്രക്ക് നേരത്തെ ആകര് കോടതിയുടെ അനുമതി നേടിയിരുന്നു. കോടതി ഇടപെട്ടാണ് പാസ്പോര്‍ട്ട് അദ്ദേഹത്തിന് തിരിച്ച് നല്‍കിയിരുന്നത്.
അമേരിക്കന്‍ യാത്രക്ക് ശേഷം പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയ ശേഷം ചില പരിപാടികളില്‍ പങ്കെടുക്കാനായാണ് ആകര് അമേരിക്കയിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തിരുന്നത്.
കോടതിയുടെ അനുമതിയുള്ളതിനാല്‍ തടസങ്ങളുണ്ടാകില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി സി.ബി.ഐ ലുക്കൗട്ട് നോട്ടീസുപയോഗിച്ച് അദ്ദേഹത്തെ തടയുകയായിരുന്നു. എന്തിനാണ് തന്റെ യാത്ര മുടക്കിയതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തുകൊണ്ട് ആകര് ട്വീറ്റ് ചെയ്യുകയും ചെയ്തു.